തൃശൂർ : സ്വന്തം ഭൂമിയിൽ നിർദ്ധനരായ അഞ്ചു പേർക്ക് മൂന്ന് സെന്റിൽ 600 സ്‌ക്വയർ ഫീറ്റുള്ള കെട്ടിടം നിർമ്മിച്ച് നൽകാനുള്ള വിമുക്ത ഭടന്റെ താത്പര്യം നിയമാനുസരണം പരിശോധിച്ച് കാലതാമസം കൂടാതെ അനുമതി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കെട്ടിട നിർമ്മാണത്തിൽ അവണൂർ പഞ്ചായത്ത് തടസം നിൽക്കുകയാണെന്നാരോപിച്ച് തങ്ങാലൂർ സ്വദേശിയായ റിട്ട. സൈനികൻ വർഗീസ് നൽകിയ പരാതിയിലാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹൻദാസിന്റെ ഉത്തരവ്.
അനാഥനായി വളർന്ന പരാതിക്കാരൻ ശമ്പളത്തിലും പെൻഷനിലും മിച്ചംപിടിച്ച തുക കൊണ്ടാണ് കിടപ്പാടം ഇല്ലാത്തവരെ സഹായിക്കാൻ തീരുമാനിച്ചത്. കമ്മിഷൻ അവണൂർ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതിക്കാരൻ ഓൺലൈനായാണ് അപേക്ഷ നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓവർസീയറുടെ റിപ്പോർട്ട് പ്രകാരം പരാതിക്കാരൻ സമർപ്പിച്ച അപേക്ഷ കെട്ടിട നിർമ്മാണ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്.
കെട്ടിട നിർമ്മാണ നിയമ പ്രകാരം 10 മീറ്റർ വരെ ഉയരമുള്ള കെട്ടിടത്തിന് 3 മീറ്റർ അളവിൽ ഉമ്മറവും മഴവെള്ള സംഭരണിയും വേണം. നിർദ്ദിഷ്ട കെട്ടിടങ്ങളിലേക്കുള്ള വഴി സൗകര്യം പ്ലാനിൽ വ്യക്തമാക്കിയിരിക്കണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് കെട്ടിടം നിർമ്മിച്ച് നൽകുമ്പോൾ പഞ്ചായത്തിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം. സൗജന്യമായി കെട്ടിടം പണിത് നൽകുകയാണെങ്കിൽ അതിന്റെ രേഖകൾ ഹാജരാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കച്ചവട സ്ഥാപനത്തിന് വേണ്ടിയുള്ള കെട്ടിടത്തിന്റെ അനുമതിക്കല്ല പരാതിക്കാരൻ പഞ്ചായത്തിനെ സമീപിച്ചതെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ പ്ലാനും മറ്റ് രേഖകളും ഹാജരാക്കുന്ന മുറയ്ക്ക് പരാതിക്കാരന് കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള അനുവാദം ലഭ്യമാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.