ചാലക്കുടി: കനത്തമഴയിൽ വെറ്റിലപ്പാറ അരൂർമുഴിയിൽ മലവെള്ളപ്പാച്ചിൽ. ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കോട്ടാമലയുടെ മുകളിൽ ഉരുൾപ്പൊട്ടിയതാണ് വെള്ളപ്പാച്ചിലിന് കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
വാളാർക്കുത്ത് തോടിലൂടെ ചളി നിറഞ്ഞ വെള്ളം കുത്തിയൊഴുകുകയായിരുന്നു. അപ്രതീക്ഷിതമായി വെള്ളം പാഞ്ഞു വന്നപ്പോൾ നാട്ടുകാർ പരിഭ്രാന്തിയിലായി. ഇതേത്തുടർന്ന് തോടിനടുത്ത് താമസിക്കുന്ന ആറ്റാശേരി ഹരിയുടെ കുടുംബത്തെ അയൽവീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ വെട്ടിക്കുഴിയിലും മലവെള്ളപ്പാച്ചിലുണ്ടായി.
ഇവിടെ ചില വീടുകളിലേക്കും വെള്ളം കയറി. പാറേക്കാടൻ ബെന്നി, മാണുക്കാടൻ അർജ്ജുനൻ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. നിരവധിയാളുകളുടെ പറമ്പുകളിലേക്കും വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായി. മലമുകളിലെ തോടുവഴിയാണ് ഇവിടെ വെള്ളമെത്തിയത്. അതിരപ്പിള്ളി റോഡിൽ അരമണിക്കൂറോളം തീവ്ര മഴയാണ് പെയ്തത്. ഇതോടെ റോഡിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായി. വെറ്റിലപ്പാറ സ്‌കൂൾ ബസ് കടന്നുപോകാൻ കഴിയാതെ ചാർപ്പ ഭാഗത്ത് അരമണിക്കൂറോളം നിറുത്തിയിട്ടു.