ഗുരുവായൂർ: ശബരിമല സീസൺ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗുരുവായൂരിലെത്തുന്ന തീർത്ഥാടകർക്ക് പാർക്കിംഗ് സംവിധാനം ഒരുക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് ഗുരുവായൂരിൽ യോഗം ചേരും. ഉച്ചയ്ക്ക് രണ്ടിന് നഗരസഭയിലാണ് യോഗം. നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി പാർക്കിംഗ് കേന്ദ്രങ്ങൾ ഇല്ലാതായതോടെ ഗുരുവായൂരിലെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് വാഹനം പാർക്ക് ചെയ്യുന്നതിന് സ്ഥലം ഇല്ലാത്ത സാഹചര്യമാണുള്ളത്. ദേവസ്വത്തിന്റെ പ്രധാന പാർക്കിംഗ് കേന്ദ്രമായിരുന്ന വേണുഗോപാൽ പാർക്കിംഗിൽ പ്രസാദ് പദ്ധതിയുടെ ഭാഗമായുള്ള മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചു. ഇതോടെ ഇവിടെ പാർക്കിംഗിന് കഴിയാത്ത സ്ഥിതിയാണുള്ളത്. പടിഞ്ഞാറെ നടയിലെ നഗരസഭാ പാർക്കിംഗ് കേന്ദ്രവും നിർമാണ പ്രവൃത്തിക്കായി അടച്ചിട്ടിരിക്കുകയാണ്. നഗരസഭയുടെ പാർക്കിംഗ് കേന്ദ്രത്തിൽ അമൃത് പദ്ധതിയുടെ ഭാഗമായുള്ള മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രത്തിന്റെ നിർമാണം ഉടനെ തുടങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വാഹനം പാർക്ക് ചെയ്യുന്നതിന് ബദൽ സംവിധാനമൊരുക്കാൻ യോഗം ചേരുന്നത്.