water
ഇന്നലെ വൈകീട്ട് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനുണ്ടായ രൂപമാറ്റം

ചാലക്കുടി: കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ചാലക്കുടിപ്പുഴയിൽ ജലവിതാനം ഉയർന്നു. ഇന്നലെ വൈകീട്ട് അതിരപ്പിള്ളിയിൽ അതിതീവ്ര മഴയാണ് പെയ്തത്. ഇതോടെ കിഴക്കൻ മലകളിൽ നിന്നും ഉരുൾപൊട്ടൽ രൂപത്തിൽ വെള്ളപ്പാച്ചിലുമുണ്ടായി. എല്ലാ തോടുകളിൽ നിന്നും ഒന്നിച്ചു വെള്ളം പാഞ്ഞുവന്നത് പെട്ടെന്ന് പുഴയിലെ ജലനിരപ്പ് ഉയരുന്നതിനിടയാക്കി.

വൈകീട്ട് നാലുവരെ ശാന്തമായിരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടവും ഇതോടെ കുലംകുത്തിപ്പാഞ്ഞു. മണിക്കൂറുകളോളം നീണ്ടുനിന്നെങ്കിലും 15 മിനിറ്റ് മാത്രമായിരുന്നു തീവ്രമഴ. പിന്നീട് വെള്ളച്ചാട്ടത്തിന്റെ ശക്തി കുറയുകയും ചെയ്തു. അതിരപ്പിള്ളിക്ക് മുകളിൽ ചാർപ്പ വെള്ളച്ചാട്ടത്തിലും മലവെള്ളം പാഞ്ഞുവന്നു. പെട്ടെന്ന് വെള്ളം കൂടിയത് പുഴയിലെ പലപ്രദേശങ്ങളിലും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു.

തുമ്പൂർമുഴി തൂക്കുപാലത്തിന്റെ മറുകരയിലെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിൽ കുളിക്കാനിറങ്ങിയ നാലുപേർ അരമണിക്കൂറോളം പുഴയിൽ കുടുങ്ങി. പാറക്കൂട്ടത്തിൽ നിന്ന ഇവരെ പിന്നീട് നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. വടം കെട്ടിയാണ് നാലുപേരെയും കരയ്ക്കെത്തിച്ചത്. എറണാകുളം, ആലുവ സ്വദേശികളായ ശരത്ത്(29), യദുകൃഷ്ണ(29), മുകേഷ് (30), പി.ഒ. ജോസഫ്(30) എന്നിവരാണ് പുഴയിൽ കുടുങ്ങിയത്. ഇവർ വിനോദയാത്രയ്ക്ക് വന്നതായിരുന്നു. വിവരം അറിഞ്ഞ് ഫയർഫോഴ്‌സും എത്തിയിരുന്നു.