ഗുരുവായൂർ: കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിയുള്ളവരുടെ സമൂഹവിവാഹം 21ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ടൗൺഹാളിൽ രാവിലെ 10നും 11നും ഇടയിലുള്ള മുഹൂർത്തിലാണ് വിവാഹങ്ങൾ നടക്കുക. 7 ജോഡി യുവതി യുവാക്കളാണ് വിവാഹിതരാകുന്നത്. ഓരോ ജോഡിക്കും അവരവരുടെ മതാചാരപ്രകാരം വിവാഹം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

വധൂവരൻമാരുടെ കുടുംബാംഗങ്ങളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവരുമടക്കം 1500ൽ അധികം പേർ വിവാഹ ചടങ്ങിൽ പങ്കെടുക്കും. വിവാഹത്തിനാവശ്യമായ സ്വർണ്ണത്താലി, സ്വർണ്ണമാല, സ്വർണ്ണ മോതിരങ്ങൾ, വധൂവരൻമാരുടെ വസ്ത്രങ്ങൾ എന്നിവയും വിവാഹ സദ്യയും കരുണയാണ് ഒരുക്കുന്നത്. ഏകദേശം 15 ലക്ഷം രൂപയാണ് വിവാഹത്തിന് ചെലവ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കളെ പങ്കെടുപ്പിച്ച് മുമ്പ് നടത്തിയ നാല് വൈവാഹിക സംഗമങ്ങളിൽ നിന്നായി 450തോളം യുവതീയുവാക്കളുടെ വിവാഹം കരുണ നടത്തിയിട്ടുള്ളതായുള്ളതായും ഭാരവാഹികൾ പറഞ്ഞു. അടുത്ത വൈവാഹിക സംഗമത്തിനുള്ള രജിസ്‌ട്രേഷനും 21ന് നടക്കും. കരുണ ചെയർമാൻ ഡോ. കെ.ബി. സുരേഷ്, ജനറൽ സെക്രട്ടറി രവി ചങ്കത്ത്, ഭാരവാഹികളായ ഫാരിദ ഹംസ, വേണു പ്രാരത്ത്, ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, വിശ്വനാഥൻ അയിനിപ്പുള്ളി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.