ചാലക്കുടി: സ്വർണ്ണക്കവർച്ച കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതികളെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു. ആളൂർ തിരുനെൽവേലിക്കാരൻ നാൽപ്പത് വയസുള്ള വാവ എന്ന ഷഫീക്ക് (36), തിരുത്തിപറമ്പ് സ്വദേശികളായ തച്ചനാടൻ ജയൻ (34), കുന്നുകുമരത്ത് പ്രസാദ് (35) എന്നിവരെയാണ് എസ്.ഐ ജയേഷ് ബാലന്റെ നേതൃത്വത്തിൽ പോട്ടയിലെത്തിച്ച് തെളിവെടുത്തത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ ഒമ്പത് ദിവസത്തേക്കാണ് അന്വേഷണത്തിനും തെളിവെടുപ്പിനുമായി മജിസ്‌ട്രേറ്റ് കോടതി, പൊലീസിന് വിട്ടുകൊടുത്തത്. കാർ തടഞ്ഞു നിറുത്തി ആക്രമിച്ച പോട്ട മേൽപ്പാലം, പീന്നീട് കാർ ഉപേക്ഷിച്ച സ്ഥലം എന്നിവിടങ്ങളിൽ പ്രതികളെ പൊലീസ് എത്തിച്ച് മൊഴി രേഖപ്പെടുത്തി. പിന്നീട് വീടുകളിലും പ്രതികളെ കൊണ്ടുപോയി തെളിവ് ശേഖരിച്ചു.
കഴിഞ്ഞ സെപ്തംബർ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്ത് നിന്നും കൊണ്ടുവന്ന 560 ഗ്രാം സ്വർണ്ണം പോട്ട ഫ്‌ളൈ ഓവറിനു സമീപം വച്ച് ഇന്നോവ കാറിലും ഹ്യൂണ്ടായി ഐ ട്വന്റി കാറിലുമായെത്തിയവർ കവർച്ച നടത്തിയത്. നേരത്തെ മൂന്നുപേർ അറസ്റ്റിലായിരുന്നു. കൊടകര ആളൂർ മനക്കുളങ്ങരപ്പറമ്പിൽ ഇസ്മായിലിന്റെ മകൻ ഷാമിൽ, ചാവക്കാട് പാലയൂർ കറുപ്പം വീട്ടിൽ ഫഹദ്, പൊന്തു വീട്ടിൽ ഹാബിൻ എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ മൊത്തം 11 പ്രതികളുണ്ട്.