ചെറുതുരുത്തി: കേന്ദ്ര സർക്കാർ അംഗീകാരമുള്ള കഥകളി സ്കൂളിന്റെ പത്താം വാർഷികവും ദേശീയ കഥകളി മഹോത്സവത്തിനും ചെറുതുരുത്തിയിൽ തുടക്കം. കഥകളി സ്‌കൂൾ അങ്കണത്തിലെ കളിയച്ചൻ കളരിയിലാണ് മഹോത്സവം നടക്കുന്നത്. കഥകളി രംഗത്തെ നിത്യഹരിത നായകൻ കലാമണ്ഡലം ഗോപിയാശാൻ ഉദ്ഘാടനം ചെയ്തു. അഞ്ചു ദിവസം നീളുന്ന മഹോത്സവത്തിന് 21നാണ് സമാപനമാവുക.

സാംസ്‌കാരിക സമ്മേളനം, സോദാഹരണ പ്രഭാഷണം, സമാദരണം, പുരസ്കാര സമർപ്പണം, ചൊല്ലിയാട്ടം, കഥകളി, കഥകളി ശിൽപ്പശാല എന്നിവയ്ക്കു പുറമേ സ്കൂളിലെ കഥകളി, ന്യത്തം, ചെണ്ട വിഭാഗങ്ങളിൽ 150 ഓളം കുട്ടികൾ കലാ വിഷയങ്ങളിൽ അരങ്ങേറ്റം നടത്തും. ഈ വർഷത്തെ കളിയച്ചൻ പുരസ്കാരം ഈയ്യങ്കോട് ശ്രീധരന് സമ്മാനിക്കും. 21ന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. സെമിനാറുകളിലും ചർച്ചകളിലും കഥകളി രംഗത്തെയും കലാസാംസ്കാരിക രംഗത്തെയും പ്രമുഖർ പങ്കെടുക്കും.