maranam
ദുഖാർത്തരായ ബന്ധുക്കൾ

തൃശൂർ\ ചാലക്കുടി: പയ്യന്നൂരിൽ അപകടത്തിൽ മരിച്ച നാലുപേരുടെ മൃതദേഹങ്ങൾ എങ്ങനെ ഏറ്റുവാങ്ങുമെന്ന് അറിയാതെ കണ്ണീർവാർക്കുകയാണ് കൂർക്കഞ്ചേരിയിലും മേലൂരുമുള്ള ബന്ധുക്കളും നാട്ടുകാരും. ഇന്നലെ രാവിലെ അപകട വാർത്ത എത്തിയപ്പോൾ മുതൽ രണ്ടു നാടുകളിലുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും പ്രാർത്ഥനയിലായിരുന്നു.

ആർക്കും ഒന്നും സംഭവിക്കില്ലെന്ന പ്രതീക്ഷ തെറ്റിച്ച്, മൂന്ന് പേരുടെ മരണവാർത്ത ആദ്യമെത്തി. തൊട്ടുപിന്നാലെ നാലുപേരും മരിച്ചെന്ന വിവരവും വന്നു. പിന്നെ രണ്ട് വീടുകളുടെയും പരിസരങ്ങൾ ശോകമൂകമായി. രാത്രി വൈകിയും മൃതദേഹങ്ങൾ എത്തുന്നതും കാത്തിരിക്കുകയാണ് ബന്ധുക്കൾ. അപകടവിവരം അറിഞ്ഞയുടൻ ബന്ധുക്കൾ പയ്യന്നൂരിലേക്ക് തിരിച്ചിരുന്നു. ബിന്ദുലാലിന്റെ അമ്മ, പത്മാവതി വെന്റിലേറ്ററിലാണ്. ബിന്ദുലാലിന്റെ സഹോദരി ബിന്ദിതയ്ക്ക് കണ്ണിന് ശസ്ത്രക്രിയ നടത്തി. അനിതയും വിജിതയും അപകടനില തരണം ചെയ്തതായാണ് വിവരം. മൂന്ന് വയസുകാരി നിയ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

മേലൂർ കൂവ്വക്കാട്ടുക്കുന്ന് പുളിയങ്ങാട്ടിൽ ദിലീപിന്റെ മക്കളായ തരുൺ ( പ്ളസ് വൺ വിദ്യാർത്ഥി, മേലൂർ സെന്റ് ജോസഫ് സ്കൂൾ), ഐശ്വര്യ ( ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനി, കൊരട്ടി എൽ.എഫ്.) എന്നിവരുടെ മൃതദേഹം, പടിഞ്ഞാറെ ചാലക്കുടി തച്ചുടപറമ്പിലുള്ള തറവാട്ടിലെത്തിച്ച ശേഷം സംസ്കരിക്കും. ദിലീപിന്റെ അമ്മ, റിട്ടയേർഡ് അദ്ധ്യാപികയായ വിലാസിനി ഇളയമകനൊപ്പം വിദേശത്താണ്. ദീലീപും അമ്മയും ഇന്ന് വിദേശത്ത് നിന്നെത്തും. ദിലീപിന്റെ ഭാര്യ ബിന്ദിത വീട്ടമ്മയാണ്. കൂർക്കഞ്ചേരി തങ്കമണി കയറ്റത്ത് ഐശ്വര്യ ഗാർഡനിൽ പുന്നവീട്ടിൽ ബിന്ദുലാൽ , മകൾ ദിയ എന്നിവരുടെ മൃതദേഹം ഇന്ന് കൂർക്കഞ്ചേരിയിൽ സംസ്കരിക്കും. . .