 കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരും

പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന തദ്ദേശവാസികൾക്ക് യാത്രാസൗജന്യം നിഷേധിച്ച നടപടിക്കെതിരെ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് നൽകിയ ഹർജിയിലെ ഉത്തരവ് ഒരാഴ്ചയ്ക്കകം നടപ്പിലാക്കാൻ ജസ്റ്റിസ് അനു ശിവരാമൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് നിർദ്ദേശിച്ചു. അല്ലെങ്കിൽ കോടിയലക്ഷ്യ നടപടികൾ സ്വീകരിക്കേണ്ടി വരും.
ഹർജിയിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് രണ്ട് ആഴ്ചയ്ക്കകം ഹർജിക്കാരന്റെ പരാതി തീർപ്പാക്കണമെന്ന് ജൂലായ് 23ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പാക്കാത്തതിനെ തുടർന്ന് കോടതി അലക്ഷ്യ ഹർജി നൽകിയിരുന്നു. അതിൽ മൂന്ന് ആഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും ജസ്റ്റിസ് അനു ശിവരാമൻ കഴിഞ്ഞമാസം 24ന് നിർദ്ദേശിച്ചിരുന്നു.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ബോധിപ്പിച്ച വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ ഒരാഴ്ചയ്ക്കകം വിധി നടപ്പിലാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ജൂലായ് 23ന് ഉത്തരവായ ഹർജി കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി യാത്രാ സൗജന്യ നിഷേധം സംബന്ധിച്ച് കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കണമെന്നുമുള്ള ജൂൺ 18ലെ തീരുമാനമാണ് വിശദീകരണമായി നൽകിയത്.
വിശദീകരണം ഉത്തരവിന് മുമ്പുള്ള തീരുമാനമാണ് എന്നുള്ളതിനാൽ തൃപ്തികരമല്ലെന്ന് കോടതി നിർദ്ദേശിച്ച് ഒരാഴ്ചയ്ക്കകം വിധി നടപ്പാക്കാൻ സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു.

നടപടികൾ ചുരുക്കത്തിൽ

 ജൂലായ് 23ന് ടോൾ പ്ലാസയ്ക്ക് 10 കി.മി ചുറ്റളവിൽ താമസിക്കുന്നവർക്ക് യാത്രാസൗജന്യം ആവശ്യപ്പെട്ട് ഹർജി ഹൈക്കോടതിയിൽ
 ഹർജിക്കാരന്റെ ആവശ്യം 2 ആഴ്ചക്കകം നടപ്പാക്കണം, പൊതുമരാമത്ത് സെക്രട്ടറി വിശദീകരണം നൽകണമെന്ന് കോടതി
 സെപ്തംബർ 24ന് നൽകിയ പി.ഡബ്ലിയു.ഡി സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമല്ല, ഒരാഴ്ചക്കകം വിധി നടപ്പാക്കണമെന്ന് കോടതി
 സൗജന്യം നിഷേധിക്കുന്നത് കേന്ദ്രത്തെ അറിയിക്കുമെന്നും ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നുമായിരുന്നു വിശദീകരണം

 അപലപനീയം

പ്രളയത്തിൽ നഷ്ടമായ സ്മാർട് കാർഡുകൾ പോലും ടോൾ കരാർ കമ്പനി പുതുക്കി നൽകാതെ യാത്രക്കാരെ കൊള്ളയടിക്കുന്ന നടപടിയാണ് ഇപ്പോഴും സ്വീകരിക്കുന്നത്. സാഹചര്യങ്ങൾ ഇത്തരത്തിലായിട്ടും 44,000 കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തിൽ സർക്കാർ നടപടി സ്വീകരിക്കാത്തത് അപലപനീയമാണ്.

അഡ്വ. ജോസഫ് ടാജറ്റ്, ഹർജിക്കാരൻ