ചേർപ്പ്: വിദ്യാരംഭത്തിനായി തിരുവുള്ളക്കാവ് ക്ഷേത്രം ഒരുങ്ങി. വിദ്യാരംഭ ദിവസമായ നാളെ ക്ഷേത്രത്തിൽ പുലർച്ചെ 4 മുതൽ എഴുത്തിനിരുത്തൽ ആരംഭിക്കും. ക്ഷേത്ര സരസ്വതി മണ്ഡപത്തിലാണ് എഴുത്തിനിരുത്തൽ ചടങ്ങ് നടക്കുക. തിരുവുള്ളക്കാവ് വാരിയത്തെ ശ്രീധരവാരിയരുടെ നേതൃത്വത്തിൽ 60തോളം ആചാര്യൻമാർ കുട്ടികളുടെ എഴുത്തിനിരുത്തൽ ചടങ്ങിന് നേതൃത്വം നൽകും.

ഓട്ട് ഉരുളിയിലെ ഉണക്കലരിയിലും കുരുന്നുകളുടെ നാവിൻതുമ്പിലും സ്വർണ മോതിരം കൊണ്ട് ആചാര്യൻമാർ ആദ്യക്ഷരം കുറിക്കും. പുലർച്ചെ ആരംഭിക്കുന്ന എഴുത്തിനിരുത്തൽ വൈകീട്ടും തുടരും. വിദ്യാരംഭനാൾ ഭക്തജനങ്ങളുടെ തിരക്ക് ഉണ്ടാകുന്നതിനാൽ ക്ഷേത്രത്തിനകത്ത് സമാന്തര റോപ്പ് വേ ഒരുക്കിയിട്ടുണ്ട്. വിവിധയിടങ്ങളിൽ വഴിപാട് കൗണ്ടറുകളും സജ്ജ മാക്കായിട്ടുണ്ട്.

പൊലീസ് ഉദ്യേഗസ്ഥർ, വളണ്ടിയർമാർ ഉൾപ്പെടെയുള്ളവരെയും നിയോഗിച്ചിട്ടുണ്ട്. ചേർപ്പ് ഗവ. ഹൈസ്കൂൾ, ഗ്രാമോദ്ധാരണം ഗ്രൗണ്ട് തുടങ്ങിയിടങ്ങളിൽ വാഹന പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് തിരുവുള്ളക്കാവ് ദേവസ്വം സെക്രട്ടറി എ.എ. കുമാരൻ അറിയിച്ചു.