nada-palam
പാലംകടവ് നടപ്പാലം

ചാവക്കാട്:കനോലി കനാലിന് കുറുകെ നിർമ്മിച്ചിട്ടുള്ളതും ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതുമായ പാലംകടവ് നടപ്പാലത്തിന്റെ അറ്റകുറ്റപണിക്ക് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡന്റ് എം.എ. അബൂബക്കർ ഹാജി അറിയിച്ചു. ഇതിന്റെ എ.എ.സും, ടി.എ.എസും ആയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ പെട്ടതാണ് ഈ നടപ്പാലം.

പഞ്ചായത്തുകളുടെ കീഴിൽ അല്ലാതിരുന്നതിനാൽ പാലത്തിന്റെ അറ്റകുറ്റപണിക്ക് ഫണ്ട് അനുവദിക്കുവാനോ, അറ്റകുറ്റപണി നടത്തുവാനോ പഞ്ചായത്തുകൾക്ക് സാധ്യമായിരുന്നില്ല. കാരേക്കടവ് തൂക്കുപാലം പോലെ ഈ പാലവും ഗതാഗത യോഗ്യമാക്കാനുള്ള പരിശ്രമത്തിലായിരുന്നു. ഒരുമനയൂരിലുള്ള സ്ഥലവും ഇതിനായി ശരിയായിരുന്നു. ത്രിതല പഞ്ചായത്തുകൾ സംയുക്തമായി തുക വകയിരുത്തി ചെയ്യാമെന്നാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ കനോലി കനാലിലൂടെ ബോട്ട് ഗതാഗതം ഉദ്ദേശിക്കുന്നത് കൊണ്ട് കനാലിന് കുറുകെയുള്ള നടപ്പാലങ്ങൾക്ക് ഗതാഗത്തിനുള്ള അനുമതി നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതു കൊണ്ടാണ് ആ പദ്ധതി ഒഴിവാക്കിയത്. പഞ്ചായത്തുകളുടെ കീഴിൽ അല്ലാത്തത് കൊണ്ടാണ് ഇത്രയും താമസിച്ചതെന്നും പാലത്തിന്റെ പണി ഉടൻ തന്നെ നടത്തുമെന്നും എം.എ. അബൂബക്കർ ഹാജി പറഞ്ഞു.

കുറെ കാലമായി പാലത്തിലൂടെയുള്ള യാത്ര ഏറെ ബുദ്ധിമുട്ടായിരുന്നു. അറ്റകുറ്റപണി നടത്തുന്നതോടെ ഇതിന് ഒരു പരിഹാരമാകും.