അനധികൃത ബോർഡുകൾ അഴിച്ചുമാറ്റി റിപ്പോർട്ട് നൽകാൻ നിർദ്ദേശം
തൃശൂർ: പൊതുസ്ഥലങ്ങളിൽ ബോർഡുകളും ബാനറുകളും സ്ഥാപിക്കേണ്ടത് ഇനി നിശ്ചിത കാലാവധിക്കുള്ളിൽ സ്ഥാപിച്ചവർ തന്നെ എടുത്തുമാറ്റണമെന്ന വ്യവസ്ഥയോടെ.
അനുമതിയില്ലാത്ത പരസ്യ ബോർഡുകൾക്കെതിരെ വരും ദിവസങ്ങളിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാരും കർശന നടപടി സ്വീകരിക്കും. ഭാവിയിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കാൻ കൂടുതൽ നിയന്ത്രണങ്ങളുണ്ടാകും. പരസ്യബോർഡുകൾ സൃഷ്ടിക്കുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാനുള്ള നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ. കോർപറേഷനിലെ അനധികൃത ബോർഡുകൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.
ഗ്രാമപ്രദേശങ്ങളിൽ ഇന്ന് തദ്ദേശസ്ഥാപനങ്ങൾ ഇവ അഴിച്ചുമാറ്റും. ചെലവായ തുക ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കും. നിലവിലുള്ള അനധികൃത ബോർഡുകൾ അഴിച്ചുമാറ്റി 25നകം റിപ്പോർട്ട് നൽകാനാണ് സെക്രട്ടറിമാർക്ക് ലഭിച്ച നിർദ്ദേശം. പരസ്യബോർഡുകൾ സ്ഥാപിക്കുന്ന കാലാവധിയിലും ചില ഭേദഗതികൾ വരുത്തി. അനുമതിയില്ലാതെ ബോർഡുകൾ സ്ഥാപിച്ചാൽ പിഴയൊടുക്കേണ്ടി വരും. അനുമതി വാങ്ങി സ്ഥാപിച്ച ബോർഡുകൾ നിശ്ചിത സമയത്തിന് ശേഷം അഴിച്ചുമാറ്റിയില്ലെങ്കിലും നടപടി നേരിടണം. പ്രകോപനപരമായതും മതവികാരം വ്രണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങൾ ഉൾപ്പെടുന്നതുമായ പരസ്യബോർഡുകൾ സ്ഥാപിക്കാൻ ഇനി മുതൽ അനുമതി ലഭിക്കില്ല.
മറ്റു പ്രധാന നിർദ്ദേശങ്ങൾ
1. തിയതി വച്ചുള്ള പ്രോഗ്രാം ബാനറുകൾക്ക് പ്രോഗ്രാം അവസാനിക്കുന്ന തിയതി ഉപയോഗം അവസാനിക്കുന്ന തീയതിയായി കണക്കാക്കും. തീയതി വയ്ക്കാത്ത സ്ഥാപനങ്ങളുടെയും മറ്റും പരസ്യങ്ങൾക്ക് 60 ദിവസമാണ് കാലാവധി. കൂടുതൽ ദിവസം പരസ്യം നിലനിറുത്തണമെങ്കിൽ മുൻകൂർ വീണ്ടും അനുമതി വാങ്ങണം.
2 കാലാവധി കഴിഞ്ഞാൽ ഏഴു ദിവസത്തിനകം ബോർഡുകൾ സ്ഥാപിച്ചവർ തന്നെ എടുത്തുമാറ്റണം. 1994ലെ പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 209 (സി) പ്രകാരം അനധികൃത പരസ്യബോർഡുകൾ പഞ്ചായത്ത് സെക്രട്ടറിക്ക് നീക്കം ചെയ്യാം.
3. യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിൽ ബോർഡുകൾ സ്ഥാപിച്ചാൽ ആർക്കും പരാതിപ്പെടാം. നടപ്പാതയിലും ഇരുവശവും റോഡുകളുടെ വളവുകളിലും പാലങ്ങളിലും റോഡുകൾക്ക് കുറുകെയും ബോർഡുകളും ബാനറുകളും സ്ഥാപിച്ചാൽ ഇനി നടപടിയുണ്ടാകും.
വരുമാനം വർദ്ധിക്കും
നിയമം കർക്കശമായി നടപ്പിലാക്കിയാൽ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധവുണ്ടാകും. അനധികൃത ബോർഡുകളിൽ ഭൂരിഭാഗവും രാഷ്ട്രീയ പാർട്ടികളുടേതാണ്. ഇത്തരം ബോർഡുകൾക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരുടെ ഭാവി എന്തായിരിക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്.
പേരുവെളിപ്പെടുത്താത്ത ഒരു തദ്ദേശസ്ഥാപന സെക്രട്ടറി.......