puthukkulam
പുതുക്കുളവും ജലസേചന പദ്ധതിക്കായി നിർമ്മിച്ച പമ്പിംഗ് കേന്ദ്രവും

മാള: പുതുക്കുളം ജലസേചന പദ്ധതിയെ ഇല്ലാതാക്കി, മാള പഞ്ചായത്തിലെ വലിയപറമ്പിലെ പുതുക്കുളം ജലസേചന പദ്ധതിയുടെ മോട്ടോർ അപ്രത്യക്ഷമായി. കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് ഈ ദുരവസ്ഥ. 1993 ൽ തുടങ്ങിയ പദ്ധതിയുടെ മോട്ടോർ മോഷണം പോയിട്ട് വർഷങ്ങളായെങ്കിലും യാതൊരു അന്വേഷണവും ഉണ്ടായില്ല. പദ്ധതി ഏറെക്കാലം പ്രവർത്തിച്ചുവെങ്കിലും വെള്ളമില്ലാതെ അവസാനിപ്പിച്ചു.
ശാസ്ത്രീയമായി താഴ്ച നിലനിറുത്തി കണിച്ചാംതുറയിൽ നിന്ന് വെള്ളം എത്തിക്കാനുള്ള കനാൽ നിർമ്മിക്കാഞ്ഞതോടെ പുതുക്കുളത്തിൽ വെള്ളം എത്തിക്കാനായില്ല. ചാലിൽ നിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കാതായതോടെ പുതുക്കുളം പദ്ധതിക്ക് താഴ് വീഴുകയായിരുന്നു. കുളം പായൽ മൂടി കിടക്കുകയാണെങ്കിലും പരിസര വാസികളായ സാമൂഹികപ്രവർത്തകർ സ്വന്തം നിലയിൽ ഇത് വൃത്തിയാക്കുന്നുണ്ട്.

കെ.എസ്.ഇ.ബി മാള ഓവർസിയറായ ബാലകൃഷ്ണനും സുഹൃത്തുക്കളും ഒഴിവു സമയങ്ങളിൽ പുതുക്കുളത്തിൽ ഇറങ്ങി ശുചീകരണം നടത്തുന്നുണ്ട്. പ്രളയത്തിൽ കുളം കവിഞ്ഞൊഴുകിയെങ്കിലും അവസാനം പായൽ തിരികെയെത്തുകയായിരുന്നു. ജലസേചന പദ്ധതി അവസാനിപ്പിച്ചെങ്കിലും പുതുക്കുളം ഇപ്പോഴും പരിസരവാസികളുടെ പ്രിയപ്പെട്ട ജലാശയം തന്നെയാണ്. ഈ ജലാശയത്തെ ശുചിയാക്കി നീന്തൽ കുളമാക്കി മാറ്റാനാണ് ശ്രമം. ജലസേചന പദ്ധതി വീണ്ടും പ്രാവർത്തികമാക്കാൻ ഇച്ഛാശക്തിയുള്ള ഭരണകൂടം ഇല്ലാതെ പോയെങ്കിലും കുളം നിലനിറുത്താൻ ശുചീകരണത്തിലൂടെ മാതൃക കാണിക്കുകയാണ് പ്രദേശവാസികൾ.

.................

തുടങ്ങിയിട്ട് കാൽനൂറ്റാണ്ട്

വലിയപറമ്പ് പ്രദേശത്തെ നൂറിലധികം ഏക്കർ കൃഷിയിടത്തിന് പ്രയോജനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പുതുക്കുളം പദ്ധതി 1993 ൽ തുടങ്ങിയത്.സൗജന്യമായി ലഭിച്ച സ്ഥലത്ത് മോട്ടോർ ഷെഡ് നിർമ്മിച്ചാണ് പദ്ധതി ആരംഭിച്ചത്. മോട്ടോർ കൂടി നഷ്ടപ്പെട്ടതോടെ മോട്ടോർ ഷെഡും പമ്പും പൈപ്പുകളും കുളത്തിലെ കിണറും മാത്രമാണ് ശേഷിക്കുന്നത്.