ചാലക്കുടി: പയ്യന്നൂരിലെ വാഹനാപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക് കണ്ണീരോടെ വിട. പടിഞ്ഞാറെ ചാലക്കുടി തച്ചുടപറമ്പിലെ തറവാട് വീട്ടുവളപ്പിലായിരുന്നു ജ്യേഷ്ഠൻ തരുണിനും (16) സഹോദരി ഐശ്വര്യക്കും (13) ചിതയൊരുങ്ങിയത്. നൂറ് കണക്കിനാളുകൾ സംസ്‌കാര കർമ്മങ്ങൾക്കെത്തി.
വ്യാഴാഴ്ച പുർച്ചെയാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മൃതദേഹം വീട്ടിലെത്തിച്ചത്. പിതാവ് പുളിയക്കാട്ടിൽ ദിലീപ് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് ദുബായിൽ നിന്നുമെത്തിയത്. ബി.ഡി ദേവസി എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, പ്രതിപക്ഷ നേതാവ് വി.ഒ പൈലപ്പൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തി.
മൂകാംബിക ക്ഷേത്ര ദർശനത്തിന് പോയ രണ്ടു കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന കാർ പയ്യന്നൂരിൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ദിലീപിന്റെ ഭാര്യ സഹോദരൻ കൂർക്കഞ്ചേരിയിലെ ബിന്ദുലാൽ (55), മകൾ ദിയ (10) എന്നിവരും സംഭവസ്ഥലത്ത് മരിച്ചിരുന്നു. അമ്മ പത്മാവതി (69) കഴിഞ്ഞ ദിവസം മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ദിലീപിന്റെ ഭാര്യ ബിംബിത അപകട നില തരണം ചെയ്തു. ആഴത്തിൽ മുറിവേറ്റതിനാൽ ബിംബിതയുടെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ എടുത്തുമാറ്റി. ഇവർ അബോധാവസ്ഥയിൽ കഴിയുമ്പോഴാണ് സ്വന്തം മക്കളുടെ അന്ത്യ കർമ്മങ്ങൾ നടന്നത്.
എല്ലാം ഉള്ളിലൊതുക്കി ദിലീപ്
തന്റെ രണ്ടുമക്കളുടെയും ചേതനയറ്റ ശരീരം തച്ചുടപറമ്പിലെ തറവാട് വീട്ടിൽ കിടക്കുമ്പോൾ നിർവികാരനായിരുന്നു ഈ അമ്പത്തിരണ്ടുകാരൻ. നാലുദിവസം മുമ്പ് ഫോണിൽ വിളിച്ച മക്കൾക്ക് മൂകാംബിക ക്ഷേത്രത്തിൽ പോകുന്നതിന് സമ്മതം മൂളിയത് ബന്ധുക്കളോട് സങ്കടത്തോട് വിവരിക്കും ദിലീപ്. ഇനിയാരോടാണ് താൻ സന്തോഷം പങ്കുവയ്ക്കുകയെന്ന് ചോദിക്കുമ്പോൾ സാന്ത്വനിപ്പിക്കാനെത്തിയവരും കണ്ണീരണിഞ്ഞു. മേലൂർ കുവ്വക്കാട്ടുകുന്നിലെ ദിലീപിന്റെ വീട്ടിൽ നിന്നും ചൊവ്വാഴ്ച രാത്രിയായിരുന്നു ഇയാളുടെ ഭാര്യ ബിംബിത മക്കളുമായി കൂർക്കഞ്ചേരിയിലെ വീട്ടിലേക്ക് പോയത്. സഹോദരൻ ബിന്ദുലാൽ സൗദിയിൽ നിന്നുമുള്ള വരവിൽ ഇവരെ കൂട്ടിക്കൊണ്ടു പോയി. തുടർന്ന് ബിന്ദുലാൽ തന്നെയാണ് മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ കാറോടിച്ചത്. ഒരു നിമിഷത്തെ അശ്രദ്ധ വരുത്തിവച്ച ദുരന്തം നാലുപേരുടെ അകാലത്തിലെ വേർപാടിലേക്ക് വഴിവച്ചു.