തൃശൂർ: ദേശവിരുദ്ധ സംഘടനകളുടെ സഹായത്തോടെ മാവോയിസ്റ്റുകളും സി.പി.എമ്മും ചേർന്ന് ശബരിമല തകർക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുംബനസമരത്തിലെ നായികമാരിലൊരാളായ രഹ്നാ ഫാത്തിമ സി.പി.എം പ്രവർത്തകയാണ്. തെലുങ്കാനയിൽ നിന്നുള്ള ഓൺലൈൻ പത്രപ്രവർത്തക കവിതാ കോശി മാവോയിസ്റ്റാണ്. സി.പി.എമ്മിന്റേതിന് സമാനമായി ഇവരുടെയും ലക്ഷ്യം ശബരിമല തകർക്കുക എന്നതും അയ്യപ്പനെ അവഹേളിക്കുകയും മാത്രമാണെന്ന് ഇവരുടെ പ്രവൃത്തികളിൽ നിന്നും വ്യക്തമായിട്ടുള്ളതാണ്. ഇതെല്ലാം പൊലീസിന് കൃത്യമായി അറിയാം. എന്നിട്ടും വി.ഐ.പി പരിഗണന നൽകി മലകയറാൻ സംരക്ഷണമൊരുക്കുകയാണ് ചെയ്തത്. നടപ്പന്തലിലെത്തിയപ്പോഴാണ് യുവതികൾ ആക്ടിവിസ്റ്റുകളാണെന്ന് മനസിലായതെന്ന ദേവസ്വം മന്ത്രിയുടെ വിശദീകരണം കള്ളമാണ്. കോടിക്കണക്കിന് ഭക്തജനങ്ങൾ പരിപാവനമായി കരുതുന്ന ശബരിമലയിലേക്ക് ഇരുമുടി കെട്ടിൽ സാനിറ്ററി നാപ്കിനുമായാണ് രഹ്ന ഫാത്തിമ എത്തിയത്. ഇത് മതപരമായും വിശ്വാസപരമായും നടത്തിയ അവഹേളനമാണ്. ഇതിന് പ്രേരണയായത് സംസ്ഥാന സർക്കാരിന്റെ കടുംപിടുത്തമാണ്. സംഭവങ്ങളെ കുറിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും ഗവർണറും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.