fair
.

തൃശൂർ: വിപണി വിലയോടടുത്ത് നിൽക്കുന്ന ന്യായ വില നിർണയിക്കുന്ന രീതി നടപ്പിലാക്കി ആധാരത്തിൽ കുറവ് തുക രേഖപ്പെടുത്തി ഭൂമി വിൽക്കുന്ന രീതിക്ക് സർക്കാർ മൂക്കുകയറിടുന്നു.ഇതിനുള്ള തയ്യാറെടുപ്പ് റവന്യൂ വകുപ്പ് ആരംഭിച്ചു. സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

2010ൽ ന്യായവില നിർണയിച്ചപ്പോഴുണ്ടായ പിഴവുകൾ തിരുത്താനായി വിശദമായ പ്‌ളാനും മാർഗ നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയ മാർഗരേഖ റവന്യൂ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. മുമ്പ് 15 കാറ്റഗറികളിലായി ഭൂമിയെ ഉൾപ്പെടുത്തിയായിരുന്നു ന്യായവില നിശ്ചയിച്ചിരുന്നത്. ഇക്കുറി ഇതിനൊപ്പം ഏഴു കാറ്റഗറികൾ കൂടി അധികം ചേർത്തു. ഏഴു കാറ്റഗറികളെ ഉപവിഭാഗങ്ങളാക്കിയും തിരിച്ചിട്ടുണ്ട്. ഇതിനൊപ്പം അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ ചേരുമ്പോഴാണ് ഭൂമിയുടെ ന്യായവില നിർണയം പൂർണമാകുന്നത്. ഉദാഹരണത്തിന് ദേശീയപാത, സംസ്ഥാന പാത, മറ്റു പ്രധാന റോഡുകളിൽ നിന്നും നേരിട്ട് പ്രവേശനമുള്ള ഭൂമിയുടെ ന്യായവില വർദ്ധിക്കും. ശ്മശാനം, മീൻ, അറവുശാല എന്നിവ സമീപ പ്രദേശങ്ങളിലുള്ള ഭൂമിയാണെങ്കിൽ വില കുറയും.

ഇവയ്ക്ക് ന്യായവിലയില്ല

വനഭൂമി, റോഡ്, ഇടവഴികൾ, റെയിൽപാതകൾ, നദികൾ, പുഴകൾ, കായലുകൾ, കുളങ്ങൾ, തോടുകൾ, കനാലുകൾ, പാലങ്ങൾ, കലുങ്കുകൾ, അണക്കെട്ടുകൾ എന്നിവയെ ന്യായവില നിർണയത്തിൽ നിന്ന് ഒഴിവാക്കും. അതേ സമയം കുളങ്ങൾ, തോടുകൾ, കനാലുകൾ എന്നിവ സ്വകാര്യ സ്വത്താണെങ്കിൽ ഇവയെ ഉൾപ്പെടുത്തും.

ന്യായവില നിർണയം ഇങ്ങനെ

1 ഒരു ഭൂമിയുടെ അഞ്ചു കിലോമീറ്റർ പരിധിയിൽ മൂന്നുവർഷത്തിനുള്ളിൽ നടന്ന മൂന്നോ അതിലധികമോ ആധാരങ്ങളുടെ വില പരിശോധിക്കും.

2. ഭൂമി ഏത് കാറ്റഗറിയിൽപ്പെട്ട ഉപകാറ്റഗറിയിൽ ഉൾപ്പെടുമെന്ന് കണ്ടെത്തും.
3. കാറ്റഗറി/ ഉപകാറ്റഗറിയിൽ പറയുന്ന കാര്യങ്ങളനുസരിച്ച് ഭൂമിയെ വേർതിരിച്ച് പട്ടിക തയ്യാറാക്കും.
4. അനുകൂല/പ്രതികൂല ഘടകങ്ങളും കൂടി പരിഗണിച്ച് ഒടുവിൽ ന്യായവില നിർണയിക്കും.

വില കുറയുന്ന പ്രതികൂല ഘടകം

1. മലിനമായ ജലാശയം, ചതുപ്പ്
2. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന സ്ഥാപനം
3. ഹൈ ടെൻഷൻ ഇലക്ട്രിക് ലൈനുകൾ കടന്നുപോകുന്ന സ്ഥലം
4. വെള്ളപ്പൊക്ക സാദ്ധ്യതാമേഖല
5. കുടിവെള്ള ക്ഷാമം
6. പകർച്ചവ്യാധി ഭീഷണി

വിൽപ്പന കുറയും

നോട്ട് പിൻവലിച്ചതോടെ തകർന്നു താറുമാറായ റിയൽ എസ്റ്റേറ്റ് മേഖലയെ കൂടുതൽ കഷ്ടത്തിലേക്കാണ് പുതിയ നടപടിയെത്തിക്കുക. ഭൂമി വിൽപ്പന ഗണ്യമായി കുറയും. ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരെ പ്രതികൂലമായി ബാധിക്കും. സുനിൽ (ജനറൽ മാനേജർ, ആർ.എം.കോ പ്രോപ്പർട്ടീസ്)