-upaharam-samarpikkunnu
സുബീഷിന് എ.എസ്.ഐ ജോൺ ഉപഹാരം സമർപ്പിക്കുന്നു

എരുമപ്പെട്ടി: പുഴയിൽ വീണ് ഒഴുക്കിൽ പെട്ട യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ യുവാവിന് നാടിന്റെ സ്നേഹാദരം. എരുമപ്പെട്ടി ആരനാട്ടിൽ സുബീഷാണ് യുവജന കൂട്ടായ്മയുടെ ആദരവിന് അർഹനായത്.

വെള്ളിയാഴ്ച വൈകീട്ട് മൂന്നര മണിക്കായിരുന്നു സംഭവം. തയ്യൂർ പാലത്തിന് സമീപം സുഹൃത്തിനെ കാത്ത് നിൽക്കുന്നതിനിടെയാണ് യുവതി പുഴയിൽ മുങ്ങിത്താഴ്ന്ന് ഒഴുകിപോകുന്നത് സുബീഷിന്റെ ശ്രദ്ധയിൽ പെട്ടത്. ഒഴുക്കിനെ ഗൗനിക്കാതെ പുഴയിലേയ്ക്ക് എടുത്ത് ചാടിയ സുബീഷ് നീന്തിച്ചെന്ന് യുവതിയെ പിടികൂടി. കരയിലേയ്ക്ക് നീന്താൻ പരിശ്രമിച്ചെങ്കിലും ഇരുവരും ഇരുനൂറ് മീറ്ററോളം ദൂരം ഒഴുക്കിൽ പെട്ടു. ഒഴുകിപോകുന്നതിനിടയിലും കരയിലേയ്ക്ക് നീന്തിയടുത്ത സുബീഷിന് വെള്ളത്തിലേയ്ക്ക് ചാഞ്ഞ് കിടന്നിരുന്ന മരച്ചില്ലയിൽ പിടുത്തം കിട്ടിയതാണ് രക്ഷയായത്. അബോധാവസ്ഥയിലായ യുവതിയെ ഒരു കൈയ്യിൽ പിടിച്ച് സുബീഷ് പതിനഞ്ച് മിനിറ്റിലധികം സമയം മരച്ചില്ലയിൽ തൂങ്ങി നിന്നു. ഇരുവരും ഒഴുകി പോകുന്നത് കണ്ട നാട്ടുകാർ പുഴക്കരയിലൂടെ പിന്തുടർന്നെത്തി തയ്യൂർ സ്വദേശി അമീറിന്റെ നേതൃത്വത്തിൽ കയറുപയോഗിച്ച് രണ്ട്പേരേയും കരക്കെത്തിച്ചു. ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച യുവതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

യുവജന കൂട്ടായ്മയുടെ ഉപഹാരം എരുമപ്പെട്ടി അഡീഷ്ണൽ എസ്.ഐ വി.ജെ ജോൺ സുബീഷിന് നൽകി. മുൻ എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് യു.കെ. മണി പൊന്നാട അണിയിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം വി.സി. ബിനോജ്, പൊതു പ്രവർത്തകൻ കെ.ടി. റിനോൾഡ് , സുജിത്ത് അള്ളന്നൂർ തുടങ്ങിയവർ സംബന്ധിച്ചു.