upendra-nadh
ഉപേന്ദ്രനാഥ് ലല്ലുസിംഗ്

ചാലക്കുടി: ബാങ്കിടപാടുകാരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിലെ തലവനുൾപ്പെടെ രണ്ടുപേർ ചാലക്കുടി എ.ടി.എം കവർച്ചാ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ. ഗുജറാത്ത് വൽസാഡ് സീട്ടിയ നഗർ സ്വദേശിയും 'മോത്തി ഹാരി ഡഗ് ' എന്നറിയപ്പെടുന്ന സംഘത്തിന്റെ തലവനുമായ ഉപേന്ദ്രനാഥ് ലല്ലു സിംഗ് (40), ബീഹാറിലെ പൂർവ ചമ്പാരൻ ചോട്ടാ ബാരിയപൂർ അങ്കൂർ കുമാർ (28) എന്നിവരെയാണ് ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വടകരയിൽ നിന്ന് പിടികൂടിയത്.
വൽസാഡിൽ ബ്രോക്കറായ ഉപേന്ദ്ര പ്രതാപ് ലലൻ സിംഗ് ബാങ്കുകളിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സമീപിച്ച് ഇരട്ടി തുക വാഗ്‌ദാനം ചെയ്‌ത ശേഷമാണ് അടയ്‌ക്കാനുള്ള പണം തട്ടുന്നത്. ബ്ളാക്ക് മണിയാണെന്ന് വിശ്വസിപ്പിച്ച് നോട്ടു കെട്ടിന്റെ മുകളിലും താഴെയും മാത്രം ഒറിജിനൽ വച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പൂനെയിൽ നിന്ന് ഗോവയിലേക്ക് വന്ന സംഘം പിന്നീട് മംഗലാപുരം വഴി കേരളത്തിലെത്തുകയായിരുന്നു.

എ.ടി.എം കവർച്ചയോടനുബന്ധിച്ച് പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനിടെയാണ് 'മോത്തി ഹാരി ഡഗ്" എന്നറിയപ്പെടുന്ന സംഘം ദക്ഷിണേന്ത്യയിലെത്തിയതായി വിവരം ലഭിച്ചത്. തുടർന്ന് വടകര പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ അങ്കമാലി പൊലീസിന് കൈമാറി. 2017ൽ അങ്കമാലി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ പണമടയ്‌ക്കാനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്ന് അമ്പതിനായിരത്തിൽ പരം രൂപ കവർന്നതിന് ഇവിടെയും ഇവർക്കെതിരെ കേസുണ്ട്. തുടർന്ന് പ്രതികൾ ജാമ്യത്തിൽ മുങ്ങുകയായിരുന്നു. പണമടയ്ക്കാൻ വരുന്നവരെ നോട്ടുകെട്ടുകൾ തൂവാലയിൽ കെട്ടി ഒരു വശത്തൂടെ കാണിച്ച് ഞൊടിയിടയിലാണ് ഇവർ പണം തട്ടിയെടുക്കുന്നത്. ബാങ്കിലും മറ്റുമെത്തുന്ന പരിചയക്കുറവുള്ളവരെ നിരീക്ഷിക്കുന്ന സംഘം സഹായിക്കാനെന്ന വ്യാജേന അവരെ സമീപിച്ച് തുക വാഗ്‌ദാനം ചെയ്യും. ഇവർ സംസാരിച്ചു നിൽക്കുമ്പോൾ മറ്റൊരു സംഘാംഗമെത്തി പണം ഇവരെ ഏൽപ്പിച്ച് ഇരട്ടിയാക്കിയതായി അഭിനയിച്ച് മടങ്ങും. കബളിപ്പിക്കൽ നടന്നാലുടൻ വാഹനത്തിൽ രക്ഷപെടും.

അന്വേഷണ സംഘത്തിനൊപ്പം എ.എസ്.ഐ വി.എസ്. വത്സകുമാർ, എസ്.ഐ കെ.എസ്. സുബീഷ്‌ മോൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, ജോബ് സി.എ., റോയ് പൗലോസ്, മനോജ് ടി.ജി, മൂസ പി.എം, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, എം.ജെ. ബിനു, അങ്കമാലി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ റോണി, ജിസ്‌മോൻ എന്നിവരുമുണ്ടായിയിരുന്നു.