ചാലക്കുടി: ആറുമാസം പിന്നിടുമ്പോഴും ദേശീയപാത കോടതി ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം അനിശ്ചിതാവസ്ഥയിൽ തുടരുന്നു. മഴ നിലക്കാത്തതാണ് നിർമ്മാണം പ്രവർത്തനം തടസ്സപെടാൻ ഇടയാക്കിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വർഷങ്ങളായി ചർച്ച ചെയ്യപ്പെട്ട ദേശീയപാതയിലെ അടിപ്പാതയുടെ നിർമ്മാണത്തിന് ഔദ്യോഗികമായി തുടക്കമിട്ടത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനായിരുന്നു. ഏപ്രിൽ 1ന് നിർമ്മാണോദ്ഘാടനവും തുടർന്ന് പത്തു ദിവസത്തോളം ജോലികളും നടന്നു. പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡും ദേശീയപാതയിലെ കുറച്ചിടവും ഡ്രില്ല് ചെയ്ത് ഗർത്തമുണ്ടാക്കി. അടിത്തറ സ്ഥാപിക്കുന്നതിന്റെ പ്രാരംഭമായാണ് അമ്പത് മീറ്റർ നീളത്തിൽ മണ്ണു മാറ്റിയത്. നിർമ്മാണം നടക്കുന്നതിനാൽ ഈ ഭാഗം ടിൻ തകിടു വച്ച് മറയ്ക്കുകയും ചെയ്തു. എന്നാൽ രണ്ടാഴ്ച മാത്രമെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആയുസുണ്ടായിരുന്നുള്ളു.
തുടർന്ന് ഏപ്രിൽ 15ന് ശേഷം ഇവിടെ ഒരു പ്രവർത്തനങ്ങളും നടക്കാത്തതിൽ പ്രതിഷേധം പൊന്തിവന്നു. ഇതേതുടർന്നാണ് മൂന്നുമസത്തിനു ശേഷം നിർമ്മാണക്കമ്പനി വീണ്ടും പ്രത്യക്ഷപ്പെട്ടത്. കുറേ യന്ത്രസാമഗ്രികൾ സ്ഥലത്തെത്തിച്ച് ഇവർ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങി. ഇതിന്റെ ഭാഗമായി ഹൈവേയിൽ നിലവിലുണ്ടായിരുന്ന ഗർത്തത്തിന്റെ വ്യാപ്തിയും വർദ്ധിപ്പിച്ചു. ജൂലായ് മാസത്തെ കനത്ത മഴയോടെ ഇവിടെ ഇടിയുകയും ദേശീയപാതയിലെ വാഹന ഗതാഗതം താറുമാറാവുകയും ചെയ്തു. പിന്നീട് താൽക്കാലിക പ്രതിവിധികളോടെയാണ് ഗതാഗതം പുനഃരാരംഭിച്ചത്. ഇതോടെ നിർമ്മാണ പ്രവർത്തനവും നിലച്ചു. ഇതിനിടെയാണ് മഹാപ്രളയത്തിന്റെ വരവ്. പിന്നീട് ബി.ഡി. ദേവസി എം.എൽ.എ തിരുവനന്തപുരത്തു വച്ച് എൻ.എച്ച്.ഐയുടെ മുതിർന്ന ഉദ്യോഗസ്ഥനുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. പുനഃരാരംഭിച്ച പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും ഭംഗമുണ്ടായാൽ കരാർ കമ്പനിയായ കെ.എം.സിയെ അടിപ്പാതയുടെ കോൺട്രാക്ട് ജോലികളിൽ നിന്നും ഒഴിവാക്കുമെന്ന് ഉദ്യോഗസ്ഥൻ എം.എൽ.എ അറിയിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി തിടുക്കത്തിൽ നിർമ്മാണം വീണ്ടും പുനഃരാരംഭിച്ചു. ഇതിനിടയിൽ ചുഴലിക്കാറ്റും കനത്തമഴയും വന്നത് പ്രവർത്തനത്തെ വീണ്ടും നിശ്ചലമാക്കുകയായിരുന്നു.
......................................
രൂപകൽപ്പന ഇങ്ങനെ
23 മീറ്റർ വീതിയും അഞ്ചര മീറ്റർ ഉയരവുമുള്ള മുരിങ്ങൂർ മോഡൽ അടിപ്പാതയാണ് കോടതി ജംഗ്ഷനിൽ രൂപകൽപ്പന ചെയ്തത്. അടിപ്പാതയുടെ ഇരുഭാഗത്തും ഒരു മീറ്റർ വീതം വീതിയുള്ള കാനകളും ഒന്നര മീറ്റർ വീതം വീതിയിലുള്ള നടപ്പാതയും ഒരുക്കും. നടുവിലായി രണ്ട് മീറ്റർ വീതിയിൽ മീഡിയനും സ്ഥാപിക്കും. ദേശീയപാതയിൽ 350മീറ്റർ വീതം ഇരുഭാഗത്തും ഉയർത്തി അപ്രോച്ച് റോഡും ഉണ്ടായിരിക്കും. 22കോടി രൂപയാണ് നിർമ്മാണ ചെലവ്. നിർമ്മാണം പൂർത്തിയാകുന്നതോടെ മുനിസിപ്പൽ ജംഗ്ഷൻ അടച്ചുകെട്ടി സിഗ്‌നൽ സംവിധാനം ഒഴിവാക്കും.
ദേശീയപാത അധികൃതരുടെ കരാറിന് പുറത്തുള്ള പ്രവൃത്തിയാണ് കോടതി ജംഗഷ്‌നിലെ അടിപ്പാത നിർമ്മാണം. കെ.എം.സി.ക്ക് വേണ്ടി ജി.ഐ.പി.എൽനാണ് നിർമ്മാണ ചുമതല.