kunnamkulam-road-block
നഗസഭാ കാര്യാലയത്തിന് സമാന്തരമായുള്ള റോഡിൽ സ്ഥാപിച്ച കോൺക്രീറ്റു തൂണുകൾ

കുന്നംകുളം: ഗതാഗതപരിഷ്കാരത്തിന്റെ ഭാഗമായി നഗസഭ കാര്യാലയത്തിന് സമാന്തരമായുള്ള റോഡിൽ സ്ഥാപിച്ച കോൺക്രീറ്റു തൂണുകൾ പൊളിച്ചു മാറ്റേണ്ടതില്ലെന്ന് അനൗദ്ധ്യോഗിക തീരുമാനം. തൂണുകൾ പൊളിച്ചുമാറ്റണമെന്ന് ആവശ്യപെട്ട് പൊതുജനങ്ങൾ സമരം നടത്തിയതാണ് ഇത്തരത്തിൽ തീരുമാനമെടുക്കാൻ കാരണമായത്. വലിയ വാഹനങ്ങൾ നിയന്ത്രിക്കാനായാണ് റോഡിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചത്. കടുത്ത വളവ് തിരിഞ്ഞെത്തുന്ന റോഡിൽ യാതൊരു മുന്നറിയിപ്പു ബോർഡുകളുമില്ലാതെ സ്ഥാപിച്ച കോൺക്രീറ്റു തൂണുകളിൽ വാഹനങ്ങൾ ഇടിക്കുന്നത് പതിവായതോടെയാണ് പൊതുജന പ്രതിഷേധമുണ്ടായത്.

തൂണുകളിൽ വാഹനങ്ങൾ ഇടിക്കുന്നത് പതിവായതോടെ മാദ്ധ്യമങ്ങളിലും സമൂഹ മാദ്ധ്യമങ്ങളിലും വലിയ തോതിൽ ചർച്ചയായിരുന്നു. ഇതോടെ നഗരസഭാ സെക്രട്ടറി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് ഒരു പറ്റം ആളുകൾ തൂണിന് മുന്നിൽ മെഴുകുതിരി കത്തിച്ച് മുട്ടുകുത്തി പ്രതിഷേധം നടത്തിയത്. നഗരസഭാ അധികൃതർക്ക് നല്ല ബുദ്ധി തോന്നാനെന്ന രീതിയിൽ പ്രാർത്ഥന നടത്തിയായിരുന്നു സമരം.

എന്നാൽ ഇതോടെ ഇനി തൂണുകൾ പൊളിക്കേണ്ട എന്ന് സെക്രട്ടറി തീരുമാനിക്കുകയായിരുന്നു. തൂണികൾ പൊളിച്ചാൽ അത് സമരക്കാരുടെ വിജയമായി കാണുമെന്നും തുടർന്നും ഇത്തരം കാര്യങ്ങളിൽ സമര തുടർച്ചയുണ്ടാകുമെന്നുമാണ് ഭരണ സമതിയുടെ വിലയിരുത്തൽ. നഗരസഭാ തീരുമാനങ്ങൾക്കെതിരെ ശബ്ദമുയർത്തിയാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും എന്ന തോന്നലുണ്ടാക്കി തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങളുടെ കൂടി വായടിപ്പിക്കുക എന്നതാണ് സെക്രട്ടറിയുടെ തീരുമാനം. പാർട്ടി ഏരിയാ കമ്മിറ്റിയുടെ കൂടി അറിവോടെയാണ് തീരുമാനമെന്നും ആരോപണമുണ്ട്.