തൃശൂർ: കോർപറേഷൻ ജനറൽ ആശുപത്രിയിൽ ആധുനിക ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. ഗൈനക്കോളജി വിഭാഗത്തിലേക്ക് താക്കോൽദ്വാര ശസ്ത്രക്രിയ വഴി പ്രസവം നിറുത്തുന്നതിനുള്ള ലാപ്രോസ്‌കോപ്പിക്ക് സെറ്റ്, ദന്തൽ രോഗികൾക്ക് സൗകര്യപ്രദമായ ആധുനിക രീതിയിലുള്ള ദന്തൽ ചെയർ, ബ്‌ളഡ് ബാങ്കിലേക്ക് മൈക്രോസ്‌കോപ്പ്, ഇ.എൻ.ടി വിഭാഗത്തിലേക്ക് തൊണ്ടയെ ബാധിക്കുന്ന അസുഖങ്ങളുടെ രോഗനിർണയത്തിനും സഹായകരമായ ലാരിഞ്ചോസ്‌കോപ്പ് എന്നീ ആധുനിക ചികിത്സാ ഉപകരണങ്ങളാണ് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്.

കോർപറേഷൻ പ്ലാൻ ഫണ്ടിൽ നിന്നും 25 ലക്ഷം ചെലവഴിച്ചാണ് പുതിയ ഉപകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നതെന്ന് മേയർ അജിത ജയരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം മരുന്നുകൾ, ലാബ്, എക്‌സ്-റേ, സിടി എന്നിവയുടെ ഫിലിമുകൾ വാങ്ങുന്നതിനായി പ്രളയ ദുരിതാശ്വാസത്തിൽ ഉൾപ്പെടുത്തി 18.15 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഡയാലിസിസ് യൂണിറ്റിലേക്കും, ഗൈനക്കോളജി വിഭാഗത്തിലേക്കും ഉപകരണം വാങ്ങുന്നതിന് മന്ത്രി വി.എസ്.സുനിൽകുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 46.8 ലക്ഷം അനുവദിച്ചിട്ടുണ്ട്. ആശുപത്രിയിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. സൗകര്യങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ കുറവ് നികത്തുന്നതിന് നടപടികളായെന്നും മേയർ അറിയിച്ചു. രാവിലെ 11ന് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ കെ. രാജൻ എം.എൽ.എ ഉപകരണങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. നഗരത്തിലെ ട്രാഫിക് പരിഷ്‌കാരത്തിന്റെ ഭാഗമായി സ്വകാര്യ ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും ചർച്ചകൾ നടക്കുകയാണെന്നും മേയർ പറഞ്ഞു.