തൃശൂർ: സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഇന്നലെ വിൽപ്പന നടത്തിയത് കിലോയ്ക്ക് 140 രൂപയായിട്ടാണ്. ശനിയാഴ്ച്ച 124 രൂപ ഉണ്ടായിരുന്നതാണ് 140 ലെത്തി. വില അടുത്ത ദിവസങ്ങളിൽ ഇനിയും ഉയരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കോഴിയെത്തുന്നതിൽ കുറവ് വന്നതാണ് വില കൂടുതലിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

കഴിഞ്ഞ മാസത്തിൽ കിലോയ്ക്ക് 65 രൂപ വരെ എത്തിയതാണ് ഇത്രയും കുതിച്ച് കയറിയത്. മഹാപ്രളയം സംസ്ഥാനത്തെ ഇറച്ചിക്കോഴി വിപണിയെ കനത്ത നഷ്ടത്തിലാക്കിയിരുന്നുവെങ്കിലും തമിഴ്‌നാട്ടിൽ നിന്ന് ആവശ്യത്തിന് കോഴിയെത്തിയിരുന്നതാണ് പ്രളയത്തിന് ശേഷവും കോഴിവില അൽപ്പമായെങ്കിലും പിടിച്ചുനിറുത്തിയിരുന്നത്.

പിന്നീട് വിലകുറഞ്ഞതും ചൂട് കൂടിയതും പല ഫാമുകളെയും ബാധിച്ചു. പ്രളയത്തിൽ കർഷകർക്ക് വൻ നഷ്ടം ഉണ്ടായിരുന്നു. സംസ്ഥാനത്ത് 500 കോടിക്ക് മുകളിൽ നഷ്ടമുണ്ടായതായാണ് പൗൾട്രി ഫെഡറേഷന്റെ കണക്ക്. ഇപ്പോഴും കൃഷി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കൃഷിയില്ലാത്തതിനാൽ വില കൂടിയതിന്റെ ഫലം കേരളത്തിലെ കർഷകർക്ക് കാര്യമായി ലഭിക്കില്ല. കേരളത്തിന് വേണ്ട 80 ശതമാനവും ഇപ്പോഴും തമിഴ്നാട്ടിൽ നിന്നാണ് വരുന്നത്. ഇറച്ചി വൃത്തിയാക്കി നൽകുന്നതോടെ 150 രൂപ വരെയാണ് ഈടാക്കിയിരുന്നത്. വിവാഹ സീസൺ ആരംഭിച്ചതും വില വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. മണ്ഡലകാലം തുടങ്ങുന്നതോടെ വില കുറയുമെന്നാണ് കണക്കാക്കുന്നത്. അതേസമയം രണ്ട് വർഷത്തിന് ശേഷം മികച്ച വില ലഭിക്കുന്ന ആശ്വാസത്തിലാണ് കർഷകർ.