adol
.

തൃശൂർ: കൗമാരക്കാരികളുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് ആയുർവേദ വകുപ്പ് നടപ്പാക്കിയ 'ഋതു' പദ്ധതിയിൽ ആരോഗ്യവും രോഗപ്രതിരോധവും വീണ്ടെടുത്തത് 1800 ലേറെ വിദ്യാർത്ഥിനികൾ.മൂന്നുവർഷമായി മൂന്ന് സ്‌കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു പദ്ധതി. കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്ക് ബോധവത്കരണം നൽകുകയും രോഗങ്ങൾക്ക് സൗജന്യ ആയുർവേദചികിത്സ നൽകുകയും ചെയ്യുന്ന പദ്ധതിയായ 'ഋതു'വിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷയാണ് ലക്ഷ്യമിടുന്നത്. ആർത്തവ തകരാറുകൾ അടക്കമുളള രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തിയാണ് ആയുർവേദ ചികിത്സ ലഭ്യമാക്കുന്നത്. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കും. എല്ലാ സർക്കാർ ആയുർവേദ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ഇതുസംബന്ധിച്ച ചികിത്സയും വിവരങ്ങളും ലഭ്യമാക്കിയിരുന്നു. ഈ വർഷം 12. 25 ലക്ഷം രൂപ പദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിനിടെ 40 ലക്ഷത്തോളം രൂപ ചെലവഴിച്ചു. ഇരിങ്ങാലക്കുട ഗവ. ഗേൾസ്, പുറനാട്ടുകര ശ്രീശാരദാമഠം സ്‌കൂൾ, പേരാമംഗലം ശ്രീദുർഗാവിലാസം സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കിയത്. വരും വർഷങ്ങളിലേക്ക് കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ചേക്കും.

പരിശോധനയ്ക്ക് അഞ്ച് ഘട്ടങ്ങൾ

1. രോഗങ്ങളെ കുറിച്ചുളള ചോദ്യാവലി

2. കുട്ടികളുടെ ഉത്തരങ്ങൾ വിലയിരുത്തി പരിശോധന

3. രക്തപരിശോധന, സ്‌കാനിംഗ്, മറ്റ് ലാബ് ടെസ്റ്റുകൾ

4. മൂന്നുമാസത്തെ പരിശോധനയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സ

5. വീണ്ടും പരിശോധന തുടർന്ന് അന്തിമ ചികിത്സാ റിപ്പോർട്ട് നൽകുന്നു

സേവനങ്ങൾ:

ഗവ. വനിതാ ഡോക്ടർമാരുടെ നിരന്തരസേവനം

ഔഷധിയുടെ മരുന്നുകൾ

കൗൺസലിംഗും യോഗയും ബോധവത്കരണ ക്‌ളാസുകളും

രോഗങ്ങൾ നേരത്തെ കണ്ടെത്തിയുളള ചികിത്സ

മാനസിക ആരോഗ്യത്തിനുളള ചികിത്സകൾ

ശ്രദ്ധിക്കാൻ 3 കാര്യങ്ങൾ

ഇലക്കറികൾ, ചെറുപയർ, മുതിര, ഗോതമ്പ്, ചെന്നെല്ലരി, ചെറിയ മത്സ്യം, കുടംപുളി ചേർത്ത കറി, ചക്ക, മാങ്ങ, മാതളം, നെല്ലിക്ക, ചെറുനാരങ്ങ, മോര്, തേൻ, വാഴപിണ്ടി, കൊടപ്പൻ, കായ, ചേമ്പിൻതണ്ട്, കുരുമുളക്, ഇഞ്ചി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ഫാസ്റ്റ്ഫുഡ്, കൃത്രിമപാനീയങ്ങൾ, ബേക്കറി, വറുത്ത ആഹാരങ്ങൾ, ഹോർമോണുകൾ കുത്തിവെച്ച ഇറച്ചി എന്നിവ ഒഴിവാക്കണം.

വ്യായാമം, ഉറക്കം, മനോബലം, ആർത്തവകാല ശുചിത്വം, വിശ്രമം എന്നിവയും പ്രധാനം

ചികിത്സിച്ചില്ലെങ്കിൽ മാരകരോഗങ്ങൾക്ക് സാദ്ധ്യത

'' ജീവിതശൈലിയും മാനസിക സമ്മർദ്ദവും ജനിതക കാരണങ്ങളുമാണ് പെൺകുട്ടികളുടെ ആർത്തവ തകരാറുകൾക്കുള്ള പൊതുവായ കാരണങ്ങൾ. ഗർഭാശയരോഗങ്ങൾക്കും വന്ധ്യതയ്ക്കും വരെ ഇത് കാരണമാകും. കാൻസർ, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ, സന്ധിവാതം എന്നിവയ്ക്കും വഴിയൊരുക്കും. അതുകൊണ്ടാണ് സ്‌പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ സേവനം ഉൾപ്പെടുത്തി 'ഋതു' പദ്ധതി നടപ്പാക്കുന്നത്.

ഡോ.എസ്. ഷിബു (ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ)