ചെറുതുരുത്തി: സദനം ബാലകൃഷ്ണനെന്ന കഥകളി നടന് പ്രായം 74. നിരവധി വേദികളിൽ ആടിത്തകർത്ത ഒട്ടേറെ വേഷങ്ങൾ ഇപ്പോഴും കഥകളിയെന്ന മഹത്തായ കലയെ നെഞ്ചോടടുക്കി പിടിക്കുകയാണ് ഈ കലാകാരൻ. കഥകളിയെന്ന് കേട്ടാൽ അദ്ദേഹം പ്രായം മറക്കും. മനസും ശരീരവും 14ലേക്ക് മടക്കയാത്ര ആരംഭിക്കും. കഥകളി സ്‌കൂളിൽ നടക്കുന്ന ദേശീയ കഥകളി മഹോത്സവത്തിന്റെ സമാപന ദിനത്തിൽ കുട്ടികൾക്കു പരിശീലനം നൽകാനെത്തിയതായിരുന്നു അദ്ദേഹം.
കഥകളിയുടെ ചുവടുകളും അടവുകളും മുദ്രകളുമൊക്കെ ഓരോന്നായി ഇളം മനസുകളിലേക്ക് പകർന്നു നൽകിയപ്പോൾ കലാ വിദ്യാർത്ഥികൾക്കും അത് ഏറെ ആവേശമായി. ഗുരുമുഖത്തു നിന്നും ഓരോ കാര്യങ്ങളും നേരിട്ടറിഞ്ഞും ചോദിച്ചു മനസ്സിലാക്കിയും കുട്ടികളും ഏറെ ആവേശത്തിലായി. ക്രമമായ ഭക്ഷണവും ക്യത്യമായ ജീവിത ചര്യകളുമാണ് തനിക്ക് ഈ എഴുപത്തിനാലാം വയസ്സിലും യുവത്വത്തിന്റെ ആവേശം പകർന്നു നൽകുന്നതെന്ന് സദനം ബാലകൃഷ്ണൻ പറഞ്ഞു.
കഥകളിക്ക് മെയ്യഭ്യാസം അനിവാര്യമാണെന്നും അതിന് കൃത്യമായ ജീവിതചര്യ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 5 ദിവസങ്ങളിലായി നടന്ന മഹോത്സവത്തിൽ വിവിധ കലകളിലെ വിദഗ്ദരായ നിരവധി ഗുരുക്കന്മാർ കുരുന്നുകൾക്ക് അറിവ് പകർന്നു നൽകാൻ എത്തിയെന്നതും സവിശേഷതയാണ്.