എരുമപ്പെട്ടി: കുരുന്നു കൈവിരലുകളിൽ താളവിസ്മയം തീർക്കുകയാണ് ഏഴ് വയസുകാരനായ അഥർവ്. എരുമപ്പെട്ടി മുണ്ടൻകോട് കോളനിയിൽ കളരിക്കൽ ജിനോയ് രജനി ദമ്പതികളുടെ മകനായ അഥർവ് ചെറുപ്രായത്തിൽ തന്നെ മദ്ദള വാദനത്തിൽ പെരുമ തീർത്ത് നാടിന് അഭിമാനമായി മാറുന്നു. അയൽവാസിയായ കലാമണ്ഡലം സുബീഷിന്റെ വീട്ടിൽ നിന്നും ഉയരുന്ന മദ്ദളപ്പെരുക്കമാണ് അഥർവിനെ വാദ്യ പഠനത്തിലേക്ക് ആകർഷിച്ചത്. നാലുവയസുള്ളപ്പോൾ അമ്മയുടെ കൈപിടിച്ച് സുബീഷിന്റെ വീട്ടിലേക്ക് പാലു വാങ്ങാൻ എത്തുമ്പോൾ മദ്ദളം കൊട്ടുന്നത് അഥർവ് മിഴി വെട്ടാതെ നോക്കി നിൽക്കും. തനിക്കും കൊട്ട് പഠിക്കണമെന്ന് അമ്മയോട് വാശി പിടിച്ച അഥർവിനെ സുബീഷ് ശിഷ്യനായി സ്വീകരിക്കുകയായിരുന്നു. പ്രത്യേകം തയ്യാറാക്കിയ രണ്ടടി നീളമുള്ള ആവണപ്പലകയിൽ ആണ് ആദ്യപാഠം ആരംഭിച്ചത്. എഴുത്തും വായനയും അറിയാത്ത പ്രായത്തിൽ ചൊല്ലുകൾ പറഞ്ഞു കെട്ടിപ്പിടിക്കുന്ന അഥർവ് ആശാനിൽ തന്നെ അത്ഭുതമുളവാക്കി. എരുമപ്പെട്ടി നിർമ്മല സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അഥർവ് രാവിലെ ഒന്നര മണിക്കൂർ സമയമാണ് ആശാനിൽ നിന്നും പരിശീലനം നേടുന്നത്. വൈകീട്ടും ഒഴിവ് ദിവസങ്ങളിലും ആശാൻ ഇല്ലെങ്കിലും കളരിയിലെത്തി പരിശീലനം നടത്തും. ചെറു പ്രായത്തിലുള്ള വലിയ പ്രയത്‌നം അഥർവിനെ ബാല്യത്തിൽ തന്നെ മദ്ദള വാദ്യ കലാകാരനാക്കി മാറ്റിയിരിക്കുകയാണ്. ഏഴ് വയസിൽ തന്നെ കേളി പൂർത്തീകരിച്ച് പഞ്ചവാദ്യത്തിലേക്ക് കൊട്ടിക്കയറിയ അഥർവ് വാദ്യപ്രേമികളിൽ വിസ്മയം തീർക്കുകയാണ്.