ഗുരുവായൂർ: കരുണയുടെ തണലിൽ 14 യുവതീ യുവാക്കൾ കൂടി പുതുജീവിതത്തിലേക്ക്. ഭിന്നശേഷിക്കാർക്കായി കരുണ ഫൗണ്ടേഷൻ ഒരുക്കിയ സമൂഹ വിവാഹത്തിൽ ഏഴ് ജോഡി ദമ്പതിമാർ വിവാഹിതരായി. ഓരോ ജോഡിക്കും അവരവരുടെ മതാചാരപ്രകാരം വിവാഹം നടത്തുന്നതിനുള്ള സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയിരുന്നു. വിവാഹത്തിനാവശ്യമായ സ്വർണ്ണത്താലി, സ്വർണ്ണമാല, സ്വർണ്ണ മോതിരങ്ങൾ, വധൂവരൻമാരുടെ വസ്ത്രങ്ങൾ എന്നിവയും വിവാഹ സദ്യയും തയ്യാറാക്കിയിരുന്നു.
മന്ത്രി വി.എസ്. സുനിൽകുമാർ, കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം പി. ഗോപിനാഥൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ, നടന്മാരായ വി.കെ. ശ്രീരാമൻ, ശിവജി ഗുരുവായൂർ, കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി തുടങ്ങിയവർ നവദമ്പതിമാർക്ക് ആശംസകൾ നേരാനെത്തി. കരുണ ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ.ബി. സുരേഷ്, ജനറൽ സെക്രട്ടറി രവി ചങ്കത്ത്, കോ- ഓർഡിനേറ്റർ ഫാരിദ ഹംസ, വേണു പ്രാരാത്ത്, ശ്രീനിവാസൻ ചുള്ളിപറമ്പിൽ, വിശ്വനാഥൻ അയിനിപ്പുള്ളി എന്നിവർ നേതൃത്വം നൽകി.