ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ഇന്നലെ സ്‌റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ വക വിളക്കാഘോഷം നടന്നു. സമ്പൂർണ്ണ നെയ് വിളക്കായാണ് വിളക്കാഘോഷം നടന്നത്. ക്ഷേത്രത്തിൽ രാവിലെ കാഴ്ച്ചശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം അകമ്പടിയായി.

വൈകീട്ട് 3നും രാത്രി വിളക്കെഴുന്നള്ളിപ്പിനും ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം അകമ്പടി സേവിച്ചു. വൈകീട്ട് ക്ഷേത്രത്തിൽ മാസ്റ്റർ പ്രണവ് പി. മാരാരുടെ തായമ്പകയും ഗുരുവായൂർ മുരളിയുടെ നാദസ്വരവും ഉണ്ടായിരുന്നു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 8 മുതൽ വൈകീട്ട് 5.30 വരെ സ്‌റ്റേറ്റ് ബാങ്ക് ജീവനക്കാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. വൈകീട്ട് 6.30 മുതൽ ബാങ്ക് ജീവനക്കാരുടെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച ഭക്തിഗാന മേളയുമുണ്ടായി. ഇന്ന് ക്ഷേത്രം പത്തുകാരുടെ വിളക്കാഘോഷം നടക്കും. നാളെ കോഴിക്കോട് ഫറോക്ക് സ്വദേശി കെ.എസ് ശങ്കര നാരായണന്റെ വക വിളക്കാഘോഷമാണ്. ബുധനാഴ്ച്ച ഗുരുവായൂർ മർച്ചന്റ്‌സ് അസോസിയേഷന്റെ വക വിളക്കാഘോഷവും നടക്കും.