padma
പുത്തേഴൻ ഫാമിലി ട്രസ്റ്റിന്റെ പുത്തേഴൻ പുരസ്കാര ചടങ്ങിൽ നിന്ന്.

 പൊതുരംഗത്തുള്ളവരുടെ നട്ടെല്ല് റബ്ബറായി: സേതു


തൃശൂർ: അവനവന്റെ കാര്യത്തിൽ മാത്രമാണ് എല്ലാവർക്കും താൽപ്പര്യമെന്നും നമ്മെ നാമാക്കിയവരെ ഓർക്കാതെ നന്ദികെട്ടവർഗ്ഗമായി മനുഷ്യർ മാറിയെന്നും കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു.

പുത്തേഴൻ ഫാമിലി ട്രസ്റ്റിന്റെ പുത്തേഴൻ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. പുഷ്പത്തിന്റെ ഭംഗിയെക്കുറിച്ച് എല്ലാവരും വാഴ്ത്തുമെങ്കിലും പുഷ്പത്തെ പുഷ്പമാക്കിയ വേരിനെക്കുറിച്ച് ആരും ഓർക്കാത്തതു പോലെയാണ് മനുഷ്യർ നന്ദികെട്ടവരായി മാറുന്നത്. ലോകത്തെ ആദ്യ സാഹിത്യരൂപമാണ് കവിത. ദയനീയാവസ്ഥയിൽ ഇന്ന് എത്തിനിൽക്കുന്നതും കവിത തന്നെയാണ്. എല്ലാവരും കവികളാണ്. ഒരക്ഷരം പോലും തെറ്റില്ലാതെ എഴുതാൻ അറിയാത്ത കവികൾ. തനി വങ്കത്തരങ്ങളാണ് കവിതയെന്ന പേരിൽ വാചകങ്ങൾ മൂന്നായി പകുത്തു വയ്ക്കുന്നത്. വായനാശീലമില്ലാത്ത ചെറുപ്പക്കാരാണുള്ളത്. ആനുകാലികങ്ങൾ പോലും അവർ വായിക്കുന്നില്ലെന്നും പത്മനാഭൻ പറഞ്ഞു.

പൊതുരംഗത്തുള്ളവരുടെ നട്ടെല്ല് റബ്ബറോ അതോ അതിലും വളയാൻ എളുപ്പമുള്ളതായോ മാറിക്കഴിഞ്ഞുവെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച നോവലിസ്റ്റ് സേതു പറഞ്ഞു. അഭിപ്രായ സ്ഥിരത ഇല്ലാത്തവരാണ് രാഷ്ട്രീയക്കാർ. രാവിലെ ഒരു അഭിപ്രായം, ഉച്ചയ്ക്ക് മറ്റൊന്ന് . രാത്രിയാകുമ്പോൾ രാവിലെ പറഞ്ഞ അഭിപ്രായത്തിലേക്ക് തിരിച്ചെത്തുമെന്നും സേതു പരിഹസിച്ചു.

ട്രസ്റ്റ് പ്രസിഡന്റ് ഡോ. പുത്തേഴത്ത് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പുരസ്‌കാര സമർപ്പണ സമ്മേളനം മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുത്തേഴത്ത് വിജയ നാരായണ മേനോൻ സ്വാഗതവും അഡ്വ. ശ്രീകുമാർ പുത്തേഴത്ത് നന്ദിയും പറഞ്ഞു. രമ മേനോൻ കവിത ആലപിച്ചു. പുത്തേഴത്ത് കുമാര മേനോൻ പ്രശസ്തിപത്ര സമർപ്പണവും പി. നന്ദകുമാർ ഫലക സമർപ്പണവും നിർവ്വഹിച്ചു.. ..