തൃശൂർ: ജില്ല ഉപഭോക്തൃവേദിയിൽ രണ്ടുമാസമായി വനിതാ അംഗമില്ല. യു.ഡി.എഫ് ഭരണകാലത്ത് നിയമിതയായ പി.വി. ഷീന അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കിയാണ് സ്ഥാനം ഒഴിഞ്ഞത്. ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ കേന്ദ്രീകൃതമായി നടക്കുന്ന നിയമനമായതിനാൽ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. നിലവിലുള്ള പൊതു അംഗത്തിന്റെ കാലാവധി ഡിസംബറിൽ അവസാനിക്കും. രണ്ടുപേരുടെ നിയമനവും ഒരുമിച്ച് നടത്താനാണ് നീക്കം. പ്രസിഡന്റും രണ്ടു അംഗങ്ങളും അടങ്ങുന്നതാണ് കോറം. രണ്ടു അംഗങ്ങളും ഇല്ലാതായാൽ പുതിയവർ നിയമിതരാകുന്നതുവരെ ഫോറം അടച്ചിടേണ്ടി വരും.
സ്ത്രീസംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യാനാണ് വനിതാ അംഗത്തെ ഫോറത്തിൽ നിയമിക്കുന്നത്. രണ്ടുമാസമായി വനിതാ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അംഗത്തിന്റെ കുറവുണ്ട്. സംസ്ഥാനത്ത് കൂടുതൽ കേസുകൾ കൈകാര്യം ചെയ്യുന്ന ഫോറമാണ് തൃശൂരിലേത്. രണ്ടായിരത്തിലധികം കേസുകൾ ഫോറത്തിന് മുന്നിൽ തീർപ്പാക്കാതെ കിടക്കുന്നുണ്ട്. അംഗങ്ങളുടെ അഭാവത്തിൽ ഫോറം അടച്ചിടേണ്ടി വന്നാൽ കേസുകളുടെ എണ്ണം കൂടും. അംഗങ്ങളുടെ കാലാവധി തീരുന്ന കാര്യം അധികൃതർക്ക് നേരത്തെ അറിയാവുന്നതാണ്. പ്രതിദിനം നൂറു കേസുകളാണ് തൃശൂരിലെ ഫോറം പരിഗണിക്കുന്നത്. തൃശൂരിലെ ശീതീകരിച്ച ഒരേയൊരു കോടതി കൂടിയാണിത്.