തൃശൂർ: റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ വലപ്പാട് ഉപജില്ല 127 പോയിന്റോടെ കുതിപ്പ് തുടങ്ങി. ഇരിങ്ങാലക്കുട 102 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. തൃശൂർ ഈസ്റ്റ് 65 പോയിന്റും കുന്നംകുളം 58.5 പോയിന്റും നേടി മൂന്നും നാലും സ്ഥാനത്താണ്. വലപ്പാട് 16 സ്വർണ്ണവും പത്ത് വെളളിയും നാല് വെങ്കലവും സ്വന്തമാക്കി. ഇരിങ്ങാലക്കുടയ്ക്ക് പത്ത് സ്വർണ്ണവും 15 വെളളിയും നാല് വെങ്കലവുമുണ്ട്.
സ്‌കൂൾ തലത്തിൽ 89 പോയിന്റ് നേടി നാട്ടിക ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാഷണൽ ഹൈസ്‌കൂൾ ഇരിങ്ങാലക്കുട 74 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 41 പോയിന്റ് നേടിയ പന്നിത്തടം കോൺകോഡ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിൽ മൂവായിരം മീറ്റർ, 100 മീറ്റർ, 800 മീറ്റർ , 600 മീറ്റർ റിലേ, ഷോട്ട്പുട്ട്, ട്രിപ്പിൾ ജമ്പ് എന്നീ ഇനങ്ങളിലായിരുന്നു മത്‌സരങ്ങൾ. ഇടയ്ക്ക് പെയ്ത നേരിയമഴ മൂലം മത്സരങ്ങൾ പൂർത്തിയാക്കാൻ വൈകി. മേള ഇന്ന് സമാപിക്കും.

ശനിയാഴ്ച ഗുരുവായൂരിലാണ് മേളയ്ക്ക് തുടക്കമായത്. ആദ്യദിനം ഇരിങ്ങാലക്കുട ഉപജില്ലയായിരുന്നു ഒന്നാം സ്ഥാനത്ത്. ഞായറാഴ്ച അവധിദിനമായിരുന്നെങ്കിലും മഴമൂലം മാറ്റിവച്ച ചില മത്സരങ്ങൾ ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ നടത്തി. പ്രളയത്തെത്തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കിയാണ് കായികമേള നടത്തുന്നത്. മറ്റ് ആഘോഷങ്ങളും സമ്മാനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. വിജയികളായ മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകും. 12 ഉപജില്ലകളിൽനിന്ന് 2000ത്തിലേറെ കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. വിജയികൾ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ മത്സരിക്കും.