വടക്കാഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും അംഗൻവാടിയിൽ വൈദ്യുതി എത്തിയില്ല. കുട്ടികൾ അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിച്ച് അധികൃതർ. മിണാലൂർ കുറ്റിയങ്കാവ് ക്ഷേത്രത്തിനു സമീപമുള്ള നൂറ്റി അൻപത്തിയെട്ടാം നമ്പർ അംഗൻവാടി ജീവനക്കാരും കുട്ടികളുമാണ് പുതിയ കെട്ടിടത്തിലേക്ക് മാറി ഒരു വർഷമായിട്ടും വൈദ്യുതീകരണം പൂർത്തിയാകാതെ ദുരിതം നേരിടുന്നത്. ലൈറ്റുകളും ഫാനുകളുമൊക്കെയുണ്ടെങ്കിലും ഇവയെല്ലാം വൈദ്യുതിയുടെ അഭാവം മൂലം നിശ്ചലമായിരിക്കുകയാണ്. കൊടുംചൂട് നേരിടേണ്ട സാഹചര്യത്തിലും പാവം പിഞ്ചോമനകൾ ഉഷ്ണം സഹിച്ച് കെട്ടിടത്തിൽ കഴിയേണ്ട സ്ഥിതിയാണ്. 13 കുട്ടികളുണ്ട് ഇവിടെ. വൈദ്യുതീകരിക്കാത്ത കെട്ടിടത്തിലേക്ക് കുട്ടികളെ അയക്കേണ്ടിവരുന്നതിൽ രക്ഷിതാക്കൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. ശരിയാക്കാമെന്ന് പറയുന്നുണ്ടെങ്കിലും എന്ന് ശരിയാകുമെന്നാണ് ആശങ്കയെന്നും രക്ഷിതാക്കൾ പറയുന്നു.