വടക്കാഞ്ചേരി: വ്യാവസായിക രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാൻ മൂന്ന് പതിറ്റാണ്ടുകൾക്കു മുൻപ് അത്താണി ഗ്രാമലയിൽ ആരംഭിച്ച കെൽട്രോണിന്റെ ഓഫീസും കെട്ടിടവും അനാഥമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഏക്കർ കണക്കിന് സ്ഥലത്ത് ആറ് കെട്ടിടവും അനുബന്ധ ഉപകരണങ്ങളും ആർക്കും ഉപകരിക്കാതെ നശിച്ചു കിടന്നിട്ടും ബന്ധപ്പെട്ട അധികൃതർ മാത്രം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. കാടുപിടിച്ച് കിടക്കുന്ന കെട്ടിടത്തിൽ മുഴുവൻ വവ്വാലുകൾ താവളമാക്കിയിരിക്കുന്നു.
ഒട്ടേറെ പേർക്ക് തൊഴിൽ സാധ്യമാക്കാൻ കഴിയുന്ന സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ നടപടി വേണമെന്ന നിരന്തരമായ ജനകീയാവശ്യത്തിനൊടുവിൽ കഴിഞ്ഞ ബഡ്ജറ്റിൽ 40 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ പ്രഖ്യാപനമല്ലാതെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
തൊഴിലില്ലാത്ത അഭ്യസ്തവിദ്യരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുമ്പോഴും വ്യവസായ വകുപ്പിനു കീഴിലുള്ള ഈ സ്ഥാപനം നോക്കുകുത്തിയായി മാറുന്നത് ഏറെ വേദനാജനകമാണെന്ന് നാട്ടുകാരും പറയുന്നു.
....................................
ചരിത്രവും ഒടുക്കവും
1977 മാർച്ച് 2ന് അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന കെ. കരുണാകരനാണ് അത്താണിയിൽ കെൽട്രോൺ എന്ന വ്യവസായ സംരംഭത്തിന് തുടക്കം കുറിച്ചത്. ജില്ലയിൽ വ്യാവസായിക രംഗത്ത് പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചു കൊണ്ടായിരുന്നു കെൽട്രോണിന്റെ ഉദയം. തുടക്കത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവെങ്കിലും പിന്നീട് മെല്ലെ പ്രവർത്തനം നിലക്കുകയായിരുന്നു.