ഇരിങ്ങാലക്കുട: സ്വാതന്ത്ര സമരസേനാനിയും നവോത്ഥാന പോരാട്ടങ്ങളിൽ പ്രധാനപ്പെട്ട കുട്ടംകുളം സമരത്തിന്റെ നായകനുമായിരുന്ന കെ.വി. ഉണ്ണി (96) അന്തരിച്ചു. ഇരിങ്ങാലക്കുട നടവരമ്പിലെ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്, ട്രേഡ് യൂണിയൻ സംഘാടകൻ, ഇരിങ്ങാലക്കുട മുനിസിപൽ കൗൺസിലർ എന്നീ നിലകളിൽ ആറുപതിറ്റാണ്ട് കാലം പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു.

ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ഇരിങ്ങാലക്കുട എം.എൽ.എയുമായിരുന്ന കെ.വി.കെ. വാരിയരാണ് ഉണ്ണിയെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാക്കി മാറ്റുന്നത്. മുനിസിപ്പാലിറ്റിയിലെ തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയൻ രംഗത്തേക്കുള്ള കടന്നുവരവ്. അറപ്പോടും വെറുപ്പോടും കൂടി സമൂഹം കണ്ടിരുന്നവരെ സംഘടിപ്പിച്ച പ്രവൃത്തി അന്ന് വിപ്ലവകരമായിരുന്നു.

നടവരമ്പിലെ ഓടുനിർമ്മാണ തൊഴിലാളി യൂണിയൻ, ഇരിങ്ങാലക്കുട പീടിക തൊഴിലാളി യൂണിയൻ എന്നിവയും സംഘടിപ്പിച്ചു. അന്തിക്കാട് കഴിഞ്ഞാൽ കേരളത്തിലെ പ്രധാനപ്പെട്ട ചെത്തുതൊഴിലാളി യൂണിയനാണ് ഇരിങ്ങാലക്കുട ചെത്തുതൊഴിലാളി യൂണിയൻ. ഈ യൂണിയൻ സംഘടിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. തുടക്കം മുതൽ ഭാരവാഹിയായിരുന്നു, അന്ത്യസമയത്തും യൂണിയന്റെ പ്രസിഡന്റായിരുന്നു. 1956 മുതൽ ഇരിങ്ങാലക്കുട മുനിസിപൽ കൗൺസിലറായിരുന്നു.

കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച 1951 വരെ കെ.വി. ഉണ്ണി ഒളിവിലായിരുന്നു. പൊലീസ് മർദ്ദനവും ജയിൽവാസവും അനുഭവിച്ചു. പാലിയം സമരത്തിലും നടവരമ്പ് കർഷക സമരത്തിലും പങ്കെടുത്തിരുന്നു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട കല്ലുങ്ങൽ വേലാണ്ടി - കാളി ദമ്പതികളുടെ നാലാമത്തെ മകനാണ്. കുറച്ചുകാലം വൈദ്യം പഠിക്കുകയും ഠാണാവിലെ ബന്ധുവിന്റെ സ്ഥാപനത്തിൽ കണ്ണുചികിത്സ നടത്തുകയും ചെയ്തു. മക്കൾ: പവിത്രൻ, ഹാരിഷ്, ജോതിഷ്, സിന്ധു, സ്വപ്‌ന. മരുമക്കൾ: റോസി, നിമ്മി, അനിമ, അജയകുമാർ ഘോഷ്, മധു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.

 കുട്ടംകുളം സമരം
1946 ജൂൺ 23നാണ് ഐതിഹാസികമായ കുട്ടംകുളം സമരം. 936ൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചിട്ടും ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആരാധനയ്ക്കും സഞ്ചാരത്തിനും വിലക്കുണ്ടായിരുന്നു. ക്ഷേത്രത്തിന് മുൻവശത്തുള്ള കുട്ടംകുളം റോഡിൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഒരു തീണ്ടൽ ബോർഡുമുണ്ടായിരുന്നു. വിലക്കിനെതിരെ സമരം നടത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. എസ്.എൻ.ഡി.പിയും കെ.പി.എം.എസും സമരത്തിൽ കമ്യൂണിസ്റ്റുകാർക്കൊപ്പം കൈകോർത്തു.

പി.കെ. കുമാരൻ, പി.കെ. ചാത്തൻ മാസ്റ്റർ, കെ.വി.കെ. വാരിയർ, പി. ഗംഗാധരൻ തുടങ്ങിയ നേതാക്കളായിരുന്നു സമരത്തിന്റെ മുൻനിരയിൽ. ജൂൺ 23ന് അയ്യങ്കാവ് മൈതാനത്തുചേർന്ന സഞ്ചാരസ്വാതന്ത്ര്യ പ്രഖ്യാപന സമ്മേളനത്തിൽ പി. ഗംഗാധരന്റെ ആഹ്വാനപ്രകാരം കുട്ടംകുളം റോഡിലേക്ക് സമരഭടൻമാർ എത്തി. വൻ പൊലീസ് സന്നാഹം അവിടെ നിലയുറപ്പിച്ചിരുന്നു. അവരെയും ഭേദിച്ച് സമരക്കാർ മുന്നോട്ടുപോയപ്പോൾ പൊലീസ് ഭീകരമായി മർദ്ദിച്ചു.

ഉണ്ണിയെയും ഗംഗാധരനെയും വിളക്കുകാലിൽ കെട്ടിയിട്ട് രാത്രിവരെയാണ് മർദ്ദിച്ചത്. തുടർന്ന് ഠാണാവിലെ ലോക്കപ്പിൽ അടച്ചു. 32 പേർക്കെതിരെ കേസെടുത്തു. പിന്നീട് പനമ്പിള്ളി ഗോവിന്ദമേനോൻ തിരുകൊച്ചി മുഖ്യമന്ത്രിയായതിന് ശേഷമാണ് കേസ് അവസാനിപ്പിച്ചത്.