തൃശൂർ: കനറാ ബാങ്കിന്റെ കിഴക്കുംപാട്ടുകരയിലുള്ള കിഴക്കെ കോട്ട ശാഖയോട് ചേർന്ന എ.ടി.എം കൗണ്ടറിൽ മോഷണശ്രമം. ഇന്നലെ രാവിലെ ബാങ്ക് ജീവനക്കാരെത്തിയപ്പോഴാണ് കമ്പിപ്പാര ഉപയോഗിച്ച് എ.ടി.എം മെഷീൻ തകർക്കാൻ ശ്രമം നടന്നതായി കണ്ടത്. കിഴക്കുംപാട്ടുകരയിലെ ജെസ് വെ ബിൽഡിംഗിന് താഴെയാണ് എ.ടി.എം കൗണ്ടർ. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. എസ്.ഐ: ജയകുമാറിന്റെ നേതൃത്വത്തിൽ ടൗൺ ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. അടുത്തിടെ കൊച്ചിയിലും കൊരട്ടിയിലും നടന്ന എ.ടി.എം കവർച്ചയിൽ 35 ലക്ഷം ബാങ്കുകൾക്ക് നഷ്ടപ്പെട്ടിരുന്നു. കവർച്ചാ സംഘം ഏതു സംസ്ഥാനത്തുള്ളവരാണെന്നു പോലും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
മോഷണ സംഘത്തിന് പ്രൊഫഷണലിസമില്ല
എ.ടി.എം കൗണ്ടറുകളെക്കുറിച്ച് മുൻധാരണയില്ലാത്ത സംഘമാണ് കിഴക്കെകോട്ടയിലെത്തിയതെന്ന് സി.സി.ടി.വി കാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് പൊലീസ് അനുമാനിക്കുന്നു. രണ്ടോ അതിലധികമോ പേർ സംഘത്തിലുണ്ട്. പുലർച്ചെ മൂന്നോടെ മുഖം മൂടി ധരിച്ച ഒരാൾ എ.ടി.എം കൗണ്ടർ തുറന്ന് അകത്തേക്ക് പ്രവേശിക്കുന്നു. ലൈറ്റണയ്ക്കുന്നു. ചെറിയൊരു കമ്പിപ്പാര ഉപയോഗിച്ച് നോട്ടുകൾ ട്രേയിലാക്കി വയ്ക്കുന്ന ഭാഗം കുത്തിപ്പൊളിക്കാൻ നോക്കുന്നു. വിഫലമായതോടെ മോണിറ്ററിന്റെ ഭാഗവും കുത്തിപ്പൊട്ടിക്കാൻ ശ്രമിച്ചു. ചില വയറുകൾ പുറത്തേക്ക് വലിച്ചിട്ട ശേഷം മോഷ്ടാവ് തിരിച്ചുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൗണ്ടറിന് പുറത്ത് ഒന്നോ അധിലധികമോ പേർ കാവൽ നിന്നിരുന്നുവെന്നും പൊലീസ് മനസിലാക്കിയിട്ടുണ്ട്. ഹരിയാനയിൽ നിന്ന് വിദഗ്ദ്ധ പരിശീലനം ലഭിച്ച മോഷണ സംഘമാണ് സംസ്ഥാനത്ത് അടുത്തിടെ നടന്ന എ.ടി.എം മോഷണങ്ങൾക്ക് പിന്നിലെന്നാണ് കരുന്നത്. ഈ സംഘത്തിൽപ്പെട്ടവരല്ല ഇവിടെ മോഷണത്തിനെത്തിയതെന്നാണ് നിഗമനം.
കാമറ പ്രഹസനം, സുരക്ഷാ ജീവനക്കാരുമില്ല
കവർച്ചാശ്രമം നടന്ന എ.ടി.എം. കൗണ്ടറിന് പുറത്ത് കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതിനോട് ചേർന്ന് ബാങ്കിന്റെ പേരെഴുതിയ ബോർഡ് സ്ഥാപിച്ചതിനാൽ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞില്ല. ഇതിനാൽ സംഘത്തിൽ എത്ര പേരുണ്ടായിരുന്നുവെന്ന് എത്രയാണെന്ന് കണ്ടെത്താനായില്ല. കൗണ്ടറിൽ സുരക്ഷ ജീവനക്കാരന്റെ സേവനവും ഉണ്ടായിരുന്നില്ല.
കമ്മിഷണർ അടിയന്തര യോഗം വിളിച്ചു
എ.ടി.എമ്മുകളിൽ കവർച്ചയും ശ്രമവും വർദ്ധിച്ചുവരുന്നതിനാൽ കർശന സുരക്ഷയൊരുക്കാൻ ബാങ്ക് പ്രതിനിധികളുടെ അടിയന്തര യോഗം സിറ്റി പൊലീസ് കമ്മിഷണർ യതീശ് ചന്ദ്ര വിളിച്ചു ചേർത്തു. 30ന് കമ്മിഷണറുടെ ഓഫീസിലാണ് യോഗം. സുരക്ഷാ ജീവനക്കാരെ നിയമിക്കുക, കൗണ്ടറിന് അകത്തും പുറത്തും ചുറ്റുവട്ടത്തും കാമറകൾ സ്ഥാപിക്കുക, കൗണ്ടറുകളുടെ ഷട്ടറുകൾ ആർക്കും തുറക്കാനും അടക്കാനും കഴിയുന്ന സംവിധാനത്തിൽ മാറ്റം വരുത്തുക, കൗണ്ടറിനകത്ത് അലാറം സ്ഥാപിക്കുക തുടങ്ങിയ ക്രമീകരണങ്ങൾ എ.ടി.എം. കൗണ്ടറിനകത്ത് സ്ഥാപിക്കാൻ കമ്മിഷണർ നിർദ്ദേശം നൽകും.
മലയാളികൾ, ഒരാഴ്ചക്കുള്ളിൽ പിടികൂടും
കവർച്ചാശ്രമത്തിന് പിന്നിൽ മലയാളികളാണ്. ഇവരെ ഒരാഴ്ചക്കുള്ളിൽ പിടികൂടും
- യതീശ് ചന്ദ്ര (സിറ്റി പൊലീസ് കമ്മിഷണർ)