തൃശൂർ: ശബരിമല വിഷയത്തിൽ പിണറായി വിജയന്റെ ഭീഷണിപ്പെടുത്തലുകൾക്ക് ഭക്തജനങ്ങൾ പുല്ലിന്റെ വിലപോലും നൽകില്ലെന്നും വിശ്വാസികളെ ഏകോപിപ്പിച്ച് പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല തന്ത്രിയെയും പന്തളം രാജാവിനെയും ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ അയ്യപ്പന്റെ നാമധേയത്തിൽ സമാധാനപരമായി പ്രവർത്തിച്ച ഭക്തജനങ്ങളെയും പിണറായി വിജയൻ മാദ്ധ്യമങ്ങളിലൂടെ വെല്ലുവിളിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിന് ഭക്തർ ചുട്ടമറുപടി കൊടുക്കും. അസുരരാജാക്കന്മാരുടെ അഹങ്കാരത്തോടെയാണ് ശബരിമല വിഷയത്തിൽ പിണറായി സംസാരിക്കുന്നത്. ലോകത്തിന്റെ ഐശ്വര്യവും, കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു ഉറവിടവുമായ ശബരിമലയെ തകർക്കാനാണ് ശ്രമം. ശബരിമലയുടെ വികസനത്തിനുവേണ്ടി സ്വദേശ് ദർശൻ പദ്ധതിപ്രകാരം 99 കോടി അനുവദിക്കുകയും ആദ്യഗഡുവായി 20 കോടി കൊടുക്കുകയും ചെയ്തിട്ട് ഒന്നര കൊല്ലമായി. ഇതുവരെ അതിനു വേണ്ട പ്രവർത്തന രൂപരേഖ സമർപ്പിക്കാൻ കേരള സർക്കാർ തയ്യാറായിട്ടില്ല.
വർഷത്തിൽ അഞ്ചരകോടി ഭക്തജനങ്ങൾ ദർശനത്തിനെത്തുന്ന ശബരിമലയിൽ തിരുപ്പതി മോഡൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം കൊണ്ടുവന്ന് തിരക്ക് കുറയ്ക്കുമെന്ന പിണറായിയുടെ നിർദ്ദേശം ബാലിശമാണ്. എ.കെ.ജി സെന്ററിൽ എത്രപേർ വരണമെന്ന് തീരുമാനിക്കുന്നതുപോലെ ശബരിമലയുടെ കാര്യം തീരുമാനിക്കാൻ പിണറായിക്ക് ആരും അധികാരം നൽകിയിട്ടില്ല. ശബരിമലയിലേക്ക് വിശ്വാസികളല്ലാത്ത സ്ത്രീകളെ കയറ്റാൻ പൊലീസ് യൂണിഫോം ദുരുപയോഗം ചെയ്ത ഐ.ജി: ശ്രീജിത്തിനെതിരെ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എ. നാഗേഷ് എന്നിവരും പങ്കെടുത്തു.