കയ്പ്പമംഗലം: സാമൂഹിക പ്രവർത്തനങ്ങളിൽ സോഷ്യൽ മീഡിയക്കുള്ള പങ്ക് കാണിച്ചുകൊടുക്കുകയാണ് വാട്‌സാപ്പിലൂടെ ഫ്രണ്ട്‌സ് ഫോർഎവർ കൂട്ടായ്മ. തീരദേശത്തെ നിർദ്ധന യുവതിയുടെ വിവാഹത്തിന് സഹായമൊരുക്കിയാണ് ഫ്രണ്ട്‌സ് ഫോർഎവർ വാട്‌സാപ്പ് കുട്ടായ്മ ഒരിക്കൽ കൂടി കൂട്ടായ്മയിലെ അംഗങ്ങൾക്ക് സഹായമായെത്തുന്നത്. 500 രൂപ മുതൽ 25000 രൂപ വരെ സുമനസ്സുകളായ 120 അംഗങ്ങൾ നൽകിയ ഏകദേശം മൂന്ന് ലക്ഷം രൂപയ്ക്കുള്ള 12 പവന്റെ സ്വർണ്ണാഭരണങ്ങളാണ് ഈ കുട്ടായ്മ വിവാഹത്തിനായി സമാഹരിച്ചു നൽകിയത്.
കയ്പ്പമംഗലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് ഫോർഎവർ കൂട്ടായ്മയുടെ 15ാമത്തെ സഹായ വിതരണമാണിത്. എം.എൽ.എ, ഡിവൈ.എസ്.പി, സി.ഐ, എസ്.ഐ എന്നിവരും സ്വദേശത്തും വിദേശത്തുമുള്ള സാധാരണക്കാരും ഉൾപ്പെടെ 257 പേരടങ്ങുന്ന കുട്ടായ്മയാണ് ഫ്രണ്ട്‌സ് ഫോർഎവർ. കുട്ടായ്മയിലെ അംഗങ്ങളിൽ നിന്നും തന്നെ സ്വരൂപിക്കുന്ന തുകയാണ് സഹായമായി കൈമാറുന്നത്. നിർദ്ധന കുടംബത്തിന് ഭൂമി വാങ്ങിയതും പ്രളയക്കെടുതിയിൽ അകപ്പെട്ട കൂട്ടായ്മയിലെ അംഗങ്ങൾക്ക് സഹായങ്ങൾ നൽകിയതും ഉൾപ്പെടെ നിരവധി സഹായങ്ങളാണ് ഇതിനോടകം കൂട്ടായ്മയിലൂടെ നൽകിയത്.
നിർദ്ധന കുടംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിനായി പണമില്ലാതെ ബുദ്ധിമുട്ടിയ വീട്ടമ്മയെ സഹായിക്കാനായി ഏതാനും ദിവസം മുമ്പ് തുടങ്ങിയ ശ്രമത്തിലാണ് 12 പവന്റെ സ്വർണ്ണാഭരണങ്ങൾ നൽകിയത്. തിങ്കളാഴ്ച നടന്ന ചടങ്ങിൽ ഗ്രൂപ്പ് അംഗങ്ങൾ പെൺകുട്ടിയുടെ വീട്ടിലെത്തി ആഭരണങ്ങൾ കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിൻ, അഗളി സി.ഐ: സലീഷ് എൻ. ശങ്കരൻ, ഇരിങ്ങാലക്കുട നഗരസഭാംഗം സോണിയ ഗിരി, കയ്പ്പമംഗലം എസ്.ഐ: കെ.ജെ. ജിനേഷ്, ടി.കെ. അബ്ദുറഹിമാൻ, പി.എം. നൗഷാദ്, കെ.ജി. ദിലീപ്, ദിലീപ് ഗണേഷ് തറയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.