തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ കാൽനട യാത്രക്കാർക്ക് പ്രത്യേക സൗകര്യം ഒരുക്കാൻ ന്യൂനപക്ഷ കമ്മിഷൻ ദേശീയ പാത അതോറിറ്റി പാലക്കാട് മാനേജരോട് അടിയന്തര റിപ്പോർട്ട് തേടി. കളക്ടറേറ്റിൽ നടന്ന ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗിൽ കമ്മിഷൻ അംഗം അഡ്വ. ടി.വി. മുഹമ്മദ് ഫൈസലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ടോൾ പ്ലാസയുമായി ബന്ധപ്പെട്ട് കാൽനടക്കാർക്കുള്ള അസൗകര്യം പരിഗണിക്കാൻ പ്രദേശവാസി ജോസ്‌പോൾ നൽകിയ പരാതിയിലാണ് ഉത്തരവ്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചാവക്കാട് താലൂക്കിലെ എടക്കഴിയൂർ സ്വദേശി സഫിയയുടെ വീടും കടയും പൊളിച്ചുനീക്കുന്ന നടപടിയിലും പി.ഡബ്ല്യു.ഡി (റോഡ്‌സ്) അധികൃതരോട് കമ്മിഷൻ റിപ്പോർട്ട് തേടി. പ്രവാസി കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച പരാതിയിൽ ഒരു മാസത്തിനകം തീർപ്പുകൽപ്പിക്കാനും ഉത്തരവിട്ടു. തൃശൂർ, പാലക്കാട് ജില്ലകളിലെ 53 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 4 കേസുകൾ തീർപ്പാക്കി.അടുത്ത സിറ്റിങ് നവംബർ 27 ന് നടക്കും.