ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്തു കാവിൽ ഭഗവതിയുടെ പുതുക്കി നിർമ്മിച്ച ശ്രീകോവിലിന്റെ സമർപ്പണം വെള്ളിയാഴ്ച നടക്കും. രാവിലെ പത്തിനാണ് സമർപ്പണ ചടങ്ങ്. അമേരിക്കയിലെ വ്യവസായി ദിലീപ് വെള്ളോടിയുടെ വഴിപാടായാണ് ശ്രീകോവിൽ നിർമിച്ച് സമർപ്പിക്കുന്നത്. 50 ലക്ഷം രൂപ ചെലവിട്ടാണ് ശ്രീകോവിൽ പുനർ നിർമ്മിച്ചത്. അഞ്ച് മുഖപ്പ്, കൊത്തുപണികൾ, നടുമുറ്റം എന്നിവയോടു കൂടിയാണ് ശ്രീകോവിൽ. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റേതാണ് പ്ലാൻ. തേക്കിൻ തടിയിൽ കൊത്തുപണികൾ എളവള്ളി ശിവദാസൻ ആചാരിയും ചെമ്പുപണികൾ കൊടുങ്ങല്ലൂർ ചന്ദ്രനുമാണ് നിർവഹിച്ചത്.