 പ്രിപെയ്ഡ് ഓട്ടോ സംവിധാന നടത്തിപ്പ് ചുമതല ഒഴിവാക്കിത്തരണമെന്ന് അസോസിയേഷൻ

തൃശൂർ: റെയിൽവേ സ്‌റ്റേഷനിൽ പ്രി പെയ്ഡ് ടാക്‌സി സംവിധാനത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ ആളില്ല. ഇതേത്തുടർന്ന് ഇന്നലെ നടത്തേണ്ട ഉദ്ഘാടനം മാറ്റിവച്ചു. നിലവിലുള്ള പ്രി പെയ്ഡ് ഓട്ടോ സംവിധാനം നടത്തിക്കുന്ന കമ്മിറ്റിയെ പ്രി പെയ്ഡ് ടാക്‌സി കൂടി ഏൽപ്പിക്കാനായിരുന്നു നീക്കം. കഴിഞ്ഞ ആഴ്ച നിലവിലുള്ള ചുമതല ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പൊലീസിന് കത്ത് നൽകിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

സംസ്ഥാനത്തെ മറ്റു റെയിൽവേ സ്‌റ്റേഷനുകളിൽ പ്രി പെയ്ഡ് ഓട്ടോ-ടാക്‌സി സംവിധാനത്തിന്റെ നടത്തിപ്പ് പൊലീസിനാണ്. തൃശൂരിലും തുടക്കത്തിൽ പൊലീസിനായിരുന്നു ചുമതലയെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അവർ പിൻമാറി. യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ആരംഭിച്ച സംവിധാനം പെട്ടെന്ന് നിലയ്ക്കുമെന്നായപ്പോൾ റെയിൽവേയുടെ കൂടി അഭ്യർത്ഥന മാനിച്ചാണ് പാസഞ്ചേഴ്‌സ് അസോസിയേഷൻ നടത്തിപ്പ് ചുമതലയേറ്റത്.
പൊലീസും ഓട്ടോ തൊഴിലാളി സംഘടന നേതാക്കളും റെയിൽവേയും അസോസിയേഷൻ കമ്മിറ്റിയംഗങ്ങളും ഉൾപ്പെട്ടതാണ് കമ്മിറ്റി. പക്ഷെ, ക്രമേണ നടത്തിപ്പിന്റെ ഭാരം മുഴുവൻ അസോസിയേഷനിലെ ചിലരിൽ മാത്രം ഒതുങ്ങി.

നിലവിലുള്ള കമ്മിറ്റി ഈ ചുമതല കൂടി ഏറ്റെടുക്കുമെന്നായിരുന്നു റെയിൽവേയുടെ അനുമാനം. ഇതിനാൽ പ്രിപെയ്ഡ് ടാക്‌സി നടത്തിപ്പിനായി വിളിച്ച യോഗത്തിൽ കമ്മിറ്റിയിലെ പ്രധാനപ്പെട്ടവരെ റെയിൽവേ ഉൾപ്പെടുത്തിയില്ല. വിവിധ ദൂരത്തേക്കുള്ള ചാർജ് തീരുമാനിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തുന്നതിലും ബന്ധപ്പെട്ടവർ പരാജയപ്പെട്ടു.

 ചർച്ച നടത്തും
പ്രിപെയ്ഡ് ടാക്‌സി സംവിധാനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്ത ദിവസം പൊലീസുമായി ചർച്ച നടത്തും. ഇവരുടെ സഹായത്തോടെ കുടുംബശ്രീയെയോ, മറ്റു ഏജൻസികളെയോ നടത്തിപ്പ് ഏൽപ്പിക്കാനാണ് ശ്രമം.

- ജയകുമാർ (തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർ)

 അസോസിയേഷന്റെ ബാദ്ധ്യതയല്ല
പ്രിപെയ്ഡ് സംവിധാനം നടത്തിക്കുകയെന്നത് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ബാദ്ധ്യതയല്ല. ടാക്‌സി കൗണ്ടർ കൂടി ഏറ്റെടുക്കാൻ കഴിയില്ല. തൃശൂരിൽ മാത്രമാണ് ഇത്തരമൊരു സംവിധാനം.

- കൃഷ്ണകുമാർ (റെയിൽവേ പാസഞ്ചേഴ്‌സ് അസോ. ജനറൽ സെക്രട്ടറി)