തൃശൂർ: അയ്യന്തോൾ തേഞ്ചിത്തുകാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച. ക്ഷേത്രത്തിന്റെ കിഴക്കെ നടയിലുള്ള നടപ്പുരയ്ക്കടുത്തുള്ള രണ്ടു ഭണ്ഡാരങ്ങളുടെ പൂട്ടുപൊളിച്ചാണ് പണം കവർന്നത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ ജീവനക്കാർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. വിവരം അറിഞ്ഞതിനെ തുടർന്ന് ഉടൻ ക്ഷേത്രം അധികൃതർ സ്ഥലത്തെത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. രണ്ടു ഭണ്ഡാരങ്ങളിലുമായി ഇരുപതിനായിരത്തോളം രൂപയുണ്ടെന്നാണ് ക്ഷേത്രം അധികൃതരുടെ നിഗമനം. നവരാത്രി ഉത്സവം കഴിഞ്ഞ് ഭണ്ഡാരം എണ്ണിയിരുന്നില്ല. നവരാത്രി ദിവസങ്ങളിൽ വൻതിരക്കാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. അതിനാൽ ഭണ്ഡാരങ്ങളിൽ പണം ധാരാളമുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
അതിനിടെ കഴിഞ്ഞ ദിവസം അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിന് സമീപത്തുവെച്ച് ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. പട്രോളിംഗ് കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.