നിയമനങ്ങൾ അനധികൃതമെന്ന് ചീഫ് സെക്രട്ടറിക്ക് എം.എൽ.എയുടെ പരാതി
തൃശൂർ: ഭരണാനുകൂല ഗസറ്റഡ് സംഘടനാ നേതാക്കൾ പ്രവർത്തന സ്വാതന്ത്ര്യം നൽകാത്തതിലുള്ള പ്രതിഷേധത്തിനൊടുവിൽ ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവർ കൂട്ട രാജി സമർപ്പിച്ചതോടെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഭരണപ്രതിസന്ധി. ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് രാജി ഒഴിവാക്കാനുള്ള സമ്മർദ്ദവും തിരക്കിട്ട ചർച്ചകളും തുടങ്ങി. അതേസമയം, മെഡിക്കൽ കോളേജിലെ അനധികൃത നിയമനങ്ങളും കാന്റീൻ അനുവദിച്ചതിലെ ക്രമക്കേടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.
ആശുപത്രി വികസനവുമായി ബന്ധപ്പെട്ട ഫയലുകളിൽ ഉദ്യോഗസ്ഥർ അലംഭാവം തുടരുന്നതിൽ കുറെ നാളുകളായി പ്രതിഷേധം ഉയർന്നിരുന്നു. അഞ്ച് കോടി ചെലവിൽ മലിനജല സംസ്കരണ പ്ളാന്റ് നിർമ്മിച്ചെങ്കിലും ഇതേവരെ മെഡിക്കൽ കോളേജിന് കൈമാറാതിരുന്നതും ഇക്കാരണം കൊണ്ടാണെന്ന് ആരോപണമുണ്ട്. സാങ്കേതിക കമ്മിറ്റി രൂപീകരിച്ചാണ് പ്ളാന്റ് കൈമാറേണ്ടത്.
അതിന് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന് പറയുന്നു. വികസന പ്രവർത്തനങ്ങൾക്ക് പണം നൽകിയിട്ടും സാമഗ്രികൾ എത്തിക്കാതിരിക്കുന്നതും കൃത്യമായ മറുപടി നൽകാത്തതുമാണ് സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും ആർ.എം.ഒയുടെയും രാജിയിലേക്ക് നയിച്ചതെന്ന് പറയുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ്, ആർ.എം.ഒ ഡോ. സി.പി. മുരളി എന്നിവരാണ് കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം.എ. ആൻഡ്രൂസിന് രാജി കത്ത് നൽകിയത്. മൂവരുടെയും രാജി പ്രിൻസിപ്പാൾ അംഗീകരിച്ചിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാൽ രാജി വയ്ക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. രാജിയെക്കുറിച്ച് പ്രതികരിക്കാൻ മൂവരും തയ്യാറായില്ല. പ്രശ്‌ന പരിഹാരത്തിനായി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിലും അനുനയ ചർച്ചകൾക്ക് ശ്രമം തുടങ്ങിയിരുന്നു. സ്വതന്ത്ര ഇടപെടൽ നടത്താനുള്ള സൗകര്യം നൽകിയാൽ മാത്രമേ രാജിയിൽ നിന്ന് പിന്മാറുകയുള്ളൂവെന്നതാണ് ഇവരുടെ നിലപാട് എന്നാണ് അറിയുന്നത്.