കൊടുങ്ങല്ലൂർ: നഗരസഭാ ഓഫീസിലുണ്ടായിരുന്ന ഫർണീച്ചറുകൾ കൂട്ടത്തോടെ കാണാതായെന്ന ആക്ഷേപമുയർത്തി കൗൺസിൽ യോഗത്തിൽ നിന്നും ബി.ജെ.പി കൗൺസിലർമാർ ഇറങ്ങിപ്പോയി. നഗരസഭയിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നീക്കം ചെയ്ത കസേരകൾ, മേശകൾ, അലമാരകൾ തുടങ്ങിയവ സംബന്ധിച്ചാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം ഭരണപക്ഷത്തെ അംഗങ്ങളുമായുള്ള കയ്യാങ്കളിയിലേക്ക് വരെയെത്തി.

കൗൺസിൽ യോഗം ആരംഭിച്ച്, അജണ്ടകൾ ചർച്ചക്കെടുക്കും മുമ്പാണ് ബി.ജെ.പി അംഗങ്ങൾ വിശദീകരണം ആവശ്യപ്പെട്ടത്. പ്രതിപക്ഷനേതാവ് വി.ജി. ഉണ്ണിക്കൃഷ്ണനും പിന്നാലെ പ്രതിപക്ഷ ഉപനേതാവ് ഒ.എൻ ജയദേവനും ഈ ആവശ്യമുയർത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ് ഇരുവർക്കും മറുപടി നൽകി. എന്നാൽ പ്രശ്നം അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി സീറ്റിൽ നിന്നും എഴുന്നേറ്റ് മറ്റ് ബി.ജെ.പി കൗൺസിലർമാരും അദ്ധ്യക്ഷ വേദിക്ക് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. യോഗാദ്ധ്യക്ഷനായ ചെയർമാന്റെ വിശദീകരണം പോലും തടസപ്പെടുത്തിയുള്ള നീക്കത്തിനെതിരെ ഭരണപക്ഷത്ത് നിന്നും ടി.പി. പ്രഭേഷ്, അഡ്വ. സി.പി രമേശൻ, എം.കെ സഹീർ, പി. ഒ ദേവസി തുടങ്ങിയവർ രംഗത്തെത്തി അദ്ധ്യക്ഷവേദിക്ക് മുന്നിൽ നിലകൊണ്ടു.

ഇതിനിടയിൽ മുൻ ചെയർമാൻ സി.സി വിപിൻചന്ദ്രൻ വിശദീകരണത്തിന് അവസരം നൽകാത്തതിൽ എതിർപ്പ് പ്രകടമാക്കി. ഇതോടെ ബി.ജെ.പി ഇറങ്ങിപ്പോയി. തുടർന്ന് അജണ്ടകളിന്മേൽ ചർച്ച നടന്നു. നഗരസഭാ ഭരണത്തെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് ബി.ജെ.പി പ്രതിഷേധമെന്ന് ചെയർമാൻ കെ.ആർ ജൈത്രൻ യോഗത്തിൽ വ്യക്തമാക്കി. ക്രാഫ്ട് ആശുപത്രിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അജണ്ടയൊഴികെയുള്ളവയെല്ലാം പൂർത്തീകരിച്ചു. ഇതേസമയം ഇറങ്ങിപ്പോക്ക് നടത്തിയ ബി.ജെ.പി കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരുന്നു. ഒരു മാസം മുമ്പേ നഗരസഭാ സെക്രട്ടറിയോട് ഇക്കാര്യത്തിൽ രേഖാമൂലം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും ലഭിക്കാതെ വന്നപ്പോൾ കഴിഞ്ഞ കൗൺസിലിൽ ഉന്നയിച്ചിരുന്നുവെന്നും ഫലമില്ലാതെ വന്നപ്പോഴാണ് പ്രതിഷേധമെന്നും ബി.ജെ.പി കൗൺസിലർമാർ വ്യക്തമാക്കി.