വടക്കാഞ്ചേരി: അപകടക്കെണിയൊരുക്കി സംസ്ഥാന പാതയിലെ അശാസ്ത്രീയ റോഡ് നിർമ്മാണം. അത്താണി മുതൽ പാർളിക്കാട് വരെയുള്ള ഭാഗങ്ങളിൽ റോഡ് നിർമ്മാണം പൂർത്തിയായതോടെ ഏതു നിമിഷവും അപകടങ്ങൾ സംഭവിക്കാമെന്ന നിലയിലാണ്. റോഡ് പണി പൂർത്തിയായപ്പോൾ ഇരുവശങ്ങളും ഒരടിയിലധികം താഴ്ചയിലായതാണ് പ്രശ്‌നം.

നിലത്തേക്കാൾ വളരെ ഉയരത്തിൽ റോഡ് നിൽക്കുന്നത് ഇരുചക്ര വാഹനങ്ങൾക്ക് ഉൾപ്പെടെ കെണിയൊരുക്കും. നിർമ്മാണം പൂർത്തിയായതോടെ ഈവഴി സഞ്ചരിക്കുന്ന വാഹനങ്ങളുടെ വേഗം വർദ്ധിച്ചിട്ടുണ്ട്. ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് വശം കൊടുക്കേണ്ടി വരുമ്പോൾ റോഡിൽ നിന്ന് ഇറക്കേണ്ടിവരും. ഇത് അപകടക്കെണിയാകുമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

.രാത്രിസമയമാണ് അപകടത്തിന് ഏറെ സാദ്ധ്യതയുള്ളത്. പ്രദേശത്ത് വഴിവിളക്കുകളില്ലാത്തതും ഉള്ളവ തന്നെ മിഴി തുറക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. അപകടങ്ങളുണ്ടാകുമ്പോൾ മാത്രം ഉണർന്നു പ്രവർത്തിക്കുന്ന അധികൃതർ ഇവയൊന്നും കണ്ടിട്ടും മൗനം നടിക്കുകയാണെന്ന ആരോപണവും നിലനിൽക്കുന്നു. റോഡിന്റെ ഇരുവശങ്ങളും നികത്തി ജനങ്ങളുടെ ആശങ്കയകറ്റാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

കെണിയൊരുക്കി പാത

 നിർമ്മാണം പൂർത്തിയായപ്പോൾ വാഹനങ്ങൾക്ക് വേഗമേറി

 പ്രശ്നം അത്താണി മുതൽ പാർളിക്കാട് വരെയുള്ള പാതയിൽ

 വഴിവിളക്കില്ല, അപകടസാദ്ധ്യതയേറെ രാത്രിസമയത്ത്

 റോഡിന്റെ ഇരുവശങ്ങളും മണ്ണിട്ട് ഉയർത്തണമെന്ന് നാട്ടുകാർ