വടക്കാഞ്ചേരി: അദ്ധ്യയന വർഷത്തിന്റെ പകുതിയിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ അദ്ധ്യാപകരുടെ സ്ഥലം മാറ്റം വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാക്കുന്നു. നിയമ നടപടികളുടെ പേരിൽ മുടങ്ങിക്കിടന്നിരുന്ന അദ്ധ്യാപക സ്ഥലം മാറ്റമാണ് ഈ മാസം 25 ന് മുൻപായി കരട് പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്.
പ്രളയം മൂലം ഏറെ അദ്ധ്യയന ദിനങ്ങൾ നഷ്ടപ്പെട്ട വിദ്യാലയങ്ങളിൽ യുദ്ധകാല അടിസ്ഥാനത്തിൽ പഠന പ്രവർത്തനങ്ങൾ നടന്നു വരുന്നതിനിടെ കൂട്ട സ്ഥലമാറ്റം വിദ്യാർത്ഥികളിൽ ആശങ്ക ഉണ്ടാക്കുന്നതായി രക്ഷിതാക്കൾ പറയുന്നു. സ്ഥലം മാറ്റത്തിന് സാവകാശം അനുവദിക്കണമെന്നും അവസാന മാസങ്ങളിലെ അദ്ധ്യാപകരുടെ സ്ഥലം മാറ്റം വിദ്യാർത്ഥികളെ സാരമായി ബാധിക്കുന്നതിനാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര നീക്കം ഉണ്ടാകണമെന്നും വള്ളത്തോൾ എഡ്യുക്കേഷണൽ ഫൗണ്ടേഷൻ തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ അദ്ധ്യയന വർഷം അവസാനിക്കുന്നതു വരെ കാത്തിരിക്കണമെന്നും മുൻകാലങ്ങളിൽ നടക്കാറുള്ളതുപോലെ ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് നീട്ടണമെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇക്കാര്യം കോടതിയെ ബോദ്ധ്യപ്പെടുത്താൻ സർക്കാരിന്റെ ഭാഗത്തു നിന്നും നീക്കം ഉണ്ടാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.