ഇരിങ്ങാലക്കുട: പ്രളയാനന്തരം കാട്ടൂർ പഞ്ചായത്തിലെ കിണറുകളിൽ നൈട്രേറ്റിന്റെ അംശം കൂടുതലാണെന്ന് കണ്ടെത്തി. സെപ്തംബർ 28 മുതൽ ഒക്ടോബർ ഒമ്പത് വരെയുള്ള ദിവസങ്ങളിൽ പഞ്ചായത്തിലെ ആയിരത്തോളം വീടുകളിലെ കിണറുകളിൽ നിന്നുള്ള വെള്ളത്തിന്റെ സാമ്പിളുകളെടുത്ത് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. പോംപെ സെന്റ് മേരീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെയും ജലവിഭവവകുപ്പിന്റെയും സഹകരണത്തോടെ പഞ്ചായത്തിന്റെയും ആരോഗ്യവിഭാഗത്തിന്റെയും സഹകരണത്തോടെ കേരള ജല വിഭവവകുപ്പ് സൗജന്യമായി ലഭ്യമാക്കിയ പരിശോധന കിറ്റുകൾ ഉപയോഗിച്ചായിരുന്നു പരിശോധന. പത്തുദിവസം കൊണ്ട് വളണ്ടിയർമാർ വീടുകളിലെത്തി ശേഖരിച്ച സാമ്പിളുകൾ സ്‌കൂൾ ലാബിൽ പരിശോധിച്ചാണ് പഠനം പൂർത്തിയാക്കിയത്. ജലത്തിൽ ക്ലോറിന്റെ സാന്നിദ്ധ്യം കുറവാണെന്നും പരിശോധനയിൽ വ്യക്തമായി. കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക, കിണറും പരിസരങ്ങളും വ്യത്തിയായി സൂക്ഷിക്കുക, കിണറുകളുടെ റീചാർജ്ജിംഗ് പ്രോത്സാഹിപ്പിക്കുക, വെള്ളത്തിന്റെ നിലവാരമുയർത്താൻ ആർ.ഒ. ഫിൽട്ടറുകൾ ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പഠനസംഘം മുന്നോട്ടുവച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിൽ പ്രൊഫ. കെ.യു. അരുണൻ. എം.എൽ.എ.യുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പിൽ പഠനറിപ്പോർട്ട് ഏറ്റുവാങ്ങി. പ്രിൻസിപ്പാൾ ബാലകൃഷ്ണൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ.എസ്. രശ്മി, പി.ടി.എ. പ്രസിഡന്റ് ഷൈനബി അമീർ, മനോജർ പവൽ ആലപ്പാട്ട്, എൻ.എസ്.എസ്. വളണ്ടിയർമാരായ അഭിഷേക്, ദീപ, ഷാജി, വ്യന്ദ, അക്ഷയ് തുടങ്ങിയവർ പങ്കെടുത്തു.