കയ്പ്പമംഗലം: ദേശീയപാത 66 ചെന്ത്രാപ്പിന്നി സെന്ററിൽ റോഡ് തകർന്നതിന്റെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് റോഡിന്റെ അറ്റകുറ്റപണി ആരംഭിച്ചു. രാവിലെ ദേശീയപാതയുടെ വടക്കെ ഭാഗത്തു നിന്ന് റോഡ് പൊളിക്കൽ ആരംഭിച്ചു. നിലവിലെ ടാറിംഗ് പൊളിച്ചു മാറ്റിയ ശേഷം വെറ്റ് മിക്‌സ് പാകി മുകളിൽ ബേബി മെറ്റൽ ഇട്ട് ടൈൽ വിരിക്കാനാണ് പദ്ധതി. 150 മീറ്ററിൽ ടൈൽ വിരിച്ച് ബാക്കി ടാറിംഗ് പ്രവൃത്തികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനാണ് ശ്രമം.
ദേശീയ പാത പൊതുമരാമത്ത് വിഭാഗത്തിന്റെ സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയാകാത്തതായിരുന്നു വൈകലിന് കാരണമായതെന്ന് ദേശീയ പാത വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. മാസങ്ങളായി ദേശീയ പാത ചെന്ത്രിപ്പിന്നി സെന്ററിൽ വലിയ കുഴികളും ഗർത്തങ്ങളുമാണ്. നിരവധി വാഹനാപകടങ്ങളുണ്ടായി.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ സമരങ്ങളും ജനകീയ സമര സമിതികളുടെ സമരപരിപാടികളും ശക്തമായപ്പോഴാണ് ചൊവ്വാഴ്ച പണി ആരംഭിക്കുമെന്ന് പറഞ്ഞ് ദേശീയ പാത അധികൃതർ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് കാട്ടി പത്രകുറിപ്പ് ഇറക്കിയത്. ആ ദിവസവും പണി തുടങ്ങാത്തതിൽ പ്രതിഷേധിച്ച് ചെന്ത്രാപ്പിന്നി ജനകീയ സമരസമിതി രണ്ട് മണിക്കൂർ ഹർത്താൽ ആചരിച്ചു. ഇനിയും പണി ആരംഭിച്ചില്ലെങ്കിൽ ദേശീയപാത ഉപരോധവും ദേശീയ പാതയുടെ ഓഫീസിലേക്ക് പ്രതിഷേധ സമരവും പ്രഖ്യാപിച്ചിരുന്നു.
ഗതാഗത നിയന്ത്രണം
നിർമ്മാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗുരുവായൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എടമുട്ടം സെന്ററിൽ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് പുളിഞ്ചാട് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് വഴി കൊപ്രക്കളം ജംഗ്ഷനിൽ എത്തി തെക്കോട്ടു തിരിഞ്ഞ് പോകണം. കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കൊപ്രക്കളം ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ടു തിരിഞ്ഞ് വെസ്റ്റ് ടിപ്പു സുൽത്താൻ റോഡുവഴി എടമുട്ടം സെന്ററിൽ എത്തി വടക്കോട്ടു പോകണം.