ചാലക്കുടി: ദേശീയ പാതയിൽ പോട്ട മേൽപ്പാലത്തിന് മുകളിൽ കാറിടിപ്പിച്ച് സ്വർണ്ണം കവർന്ന സംഘത്തിലെ ഒരു പ്രതികൂടി കോടതിയിൽ കീഴടങ്ങി. ആളൂർ സ്വദേശി വടക്കേ തലയ്ക്കൽ ഷാഹിനാണ് (25) ചാലക്കുടി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ബുധനാഴ്ച വൈകീട്ട് കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഈ കേസിലുൾപ്പെട്ട മൂന്ന് പേർ ഈമാസം 9ന് കീഴടങ്ങിയിരുന്നു. ആളൂർ തിരുനെൽവേലിക്കാരൻ വാവ എന്ന ഷെഫീഖ് (30), തിരുത്തിപറമ്പ് സ്വദേശികളായ തച്ചനാടൻ ജയൻ (32), കുന്നുകുമരത്ത് പ്രസാദ്(37) എന്നിവരാണ് ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നേരത്തെ കീഴടങ്ങിയത്. സെപ്തംബർ 15നാണ് പോട്ട മേൽപ്പാലത്തിന് മുകളിൽ വച്ച് കാറിൽ കൊണ്ടു പോവുകയായിരുന്ന സ്വർണ്ണം കവർന്നത്. വിദേശത്ത് നിന്നും കൊണ്ടുവന്ന 560 ഗ്രാം സ്വർണ്ണം രണ്ടു കാറുകളിലായെത്തിയ സംഘമാണ് കവർന്നത്. ഈ കേസിൽ ഇനി മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്.