ഗുരുവായൂർ: ഗുരുവായൂർ ഏകാദശി വിളക്കാഘോഷത്തിന്റെ ഒമ്പതാം ദിവസമായ ഞായറാഴ്ച്ച കനറാബാങ്ക് ജീവനക്കാരുടെ വക വിളക്കാഘോഷം നടക്കും. കനറാ ബാങ്കിന്റെ 41 ാമത് വിളക്കാഘോഷമാണ് ഇത്തവണ നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സമ്പൂർണ്ണ നെയ് വിളക്കായാണ് വിളക്കാഘോഷം നടത്തുന്നത്. ക്ഷേത്രത്തിൽ രാവിലെ ഏഴിന് കാഴ്ച്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പഞ്ചാരി മേളവും, ഉച്ചയ്ക്ക് 3.30 ന് പരക്കാട് തങ്കപ്പൻ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യവും അകമ്പടിയാകും. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഗുരുവായൂർ മുരളിയുടെ നാഗസ്വരവും ശശിമാരാരുടെ ഇടയ്ക്ക വാദ്യവും അകമ്പടി സേവിക്കും. ദേവസ്വം ആനത്തറവാട്ടിലെ കൊമ്പൻ വലിയ കേശവൻ തിടമ്പേറ്റും. കൊമ്പന്മാരായ വിനായകനും, രവികൃഷ്ണനും പറ്റാനകളാകും. രാവിലെ 7.30 ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഗുരുവായൂർ കനറാബാങ്ക് ചീഫ് മാനേജർ ടി. രവി ഭദ്രദീപം തെളിയിക്കുന്നതോടെ വിവിധ കലാപരിപാടികൾക്ക് തുടക്കമാകും.
തുടർന്ന് ജ്യോതിദാസിന്റെ സോപാനസംഗീതം, എട്ടുമുതൽ വൈകീട്ട് 6.30 വരെ ബാങ്ക് ജീവനക്കാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടാകും. വൈകീട്ട് 6.30 ന് പാർശ്വനാഥ് ഉപാദ്ധ്യേ, ശ്രുതി ഗോപാൽ, ആദിത്യ എന്നിവർ അവതരിപ്പിക്കുന്ന ''സമർപ്പണം'' നൃത്തപരിപാടി, രാത്രി 8.30 ന് സിഗ്നൽസ് ദി റിയൽ മ്യൂസിക് ടീം ''മയിൽപീലി'' സംഘം അവതരിപ്പിക്കുന്ന ഭക്തിഗാനമേള എന്നിവയും ഉണ്ടാകും. കിഴക്കേനടയിലെ വൈജയന്തി കോംപ്ലക്‌സിൽ തയ്യാറാക്കുന്ന മണ്ഡപത്തിൽ വൈകീട്ട് 6.30ന് കനറാബാങ്ക് തിരുവനന്തപുരം ജനറൽ മാനേജർ ജി.കെ മായ ഭദ്രദീപം തെളിക്കും. തുടർന്ന് പ്രൊഫസർ കലാമണ്ഡലം രാജനും സംഘവും അവതരിപ്പിക്കുന്ന കേളി അരങ്ങേറും. കനറാബാങ്ക് ചീഫ് മാനേജർ ടി. രവി, സീനിയർ മാനേജർ മനോജ് കൃഷ്ണൻ, എം.എസ്. ഭാസ്‌കരൻ, എസ്. നന്ദകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.