ശൂർ : കിഴക്കുംപാട്ടുകരയിലുള്ള കനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ കവർച്ചാശ്രമം നടത്തിയ രണ്ട് പേരെ എ.സി.പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി മെഹറൂഫ് (34), കോട്ടയം സ്വദേശി സനീഷ് (32) എന്നിവരെയാണ് സംഭവം നടന്ന് 32 മണിക്കൂറിനുള്ളിൽ വലയിലാക്കിയത്. യൂ ട്യൂബിൽ എ.ടി.എം കവർച്ചാ ദൃശ്യങ്ങൾ കണ്ടും, റോബിൻ ഹുഡ് സിനിമകളിലെ ദൃശ്യങ്ങൾ നിരീക്ഷിച്ചുമാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ ഫ്രൂട്‌സ് കടകളിൽ ജോലി ചെയ്തിരുന്ന ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.
കവർച്ചയ്ക്കുവേണ്ട മുഖംമൂടികളും മറ്റും കോതമംഗലത്ത് നിന്നും, എ.ടി.എം തകർക്കുന്നതിനുള്ള ആയുധം പ്രതികൾ താമസിക്കുന്ന വീടിന്റെ അടുത്ത് നിർമ്മാണം നടക്കുന്ന സ്ഥലത്ത് നിന്നുമാണ് സംഘടിപ്പിച്ചത്. കാവൽക്കാർ ഇല്ലാത്ത എ.ടി.എം കൗണ്ടറുകളാണ് തിരഞ്ഞെടുത്തത്. എ.ടി.എമ്മിലെ ലൈറ്റ് ഓഫാക്കിയാൽ ദൃശ്യം പതിയില്ലെന്ന് കരുതിയാണ് പ്രതികൾ അകത്തുകടന്നത്. എ.ടി.എം കൗണ്ടറിന് സമീപത്തുള്ള സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരു പ്രതിയുടെ ദൃശ്യം ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
മെഹറൂഫിന്റെ സാമ്പത്തിക ബാദ്ധ്യത പരിഹരിക്കുന്നതിനാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മെഹ്‌റൂഫിന്റെ പേരിൽ നാട്ടിൽ കവർച്ച, അടിപിടി കേസുകൾ നിലവിലുണ്ട്.