 കാടുകയറിയ പവലിയനും പുഴയിലേക്ക് ഇടിഞ്ഞു തുടങ്ങിയ പാർക്കും പേടിസ്വപ്നം

കാഞ്ഞാണി: കണ്ടശ്ശാംകടവ് ജലോത്സവ വേദിക്കു സമീപമുള്ള പാർക്ക് അനാഥാവസ്ഥയിൽ. ഏതു നിമിഷവും പുഴയിലേക്കു ഇടിഞ്ഞു വീഴുമെന്ന അവസ്ഥയിലായ പാർക്ക് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. എല്ലാ വർഷവും തിരുവോണപ്പിറ്റേന്ന് നടത്തിവരാറുള്ള മുഖ്യമന്ത്രിയുടെ പേരിലുള്ള ജലോത്സവത്തിന്റെ ഫിനിഷിംഗ് പോയിന്റ് എന്ന പ്രാധാന്യം ഉൾക്കൊണ്ടു നിർമ്മിച്ചതാണ് പവലിയനും പാർക്കും.

മുൻ എം.എൽ.എ: പി.എ. മാധവന്റെ ശ്രമഫലമായി അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാരാണ് ഇതിനുള്ള ഒരു കോടി രൂപ അനുവദിച്ചത്. 2300 ചതുരശ അടി വിസ്തീർണമുള്ള ഇവിടെ അഞ്ഞൂറിൽപ്പരം പേർക്ക് ജലോത്സവം കാണുന്നതിനുള്ള സൗകര്യമുണ്ട്. തൃശൂർ - കാഞ്ഞാണി സംസ്ഥാന പാതയ്ക്ക് സമീപമാണ് പാർക്കും പവലിയനുമുള്ളത്. കുട്ടികളുടെ പാർക്കും പുല്ല് വളർന്ന നിലയിലാണ്.

പാർക്കിനോട് ചേർന്ന് പുഴയുടെ ഭാഗത്ത് സംരക്ഷണ ഭിത്തി ഏതു നിമിഷവും പുഴയിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. ഇതിനടുത്തുള്ള വൻ കുഴികൾ അടയ്ക്കാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. പാർക്കിലെ ഇരിപ്പിടങ്ങൾക്കിടയിലെ ദ്വാരങ്ങളിൽ ഇഴജന്തുക്കളുണ്ടാകാം എന്ന ഭീതിയും സന്ദർശകർ കുറയുന്നതിനു കാരണമാകുന്നു.

മൂന്നര കോടി ബഡ്ജറ്റ് കണക്കാക്കിയതിൽ ഒരു കോടി ചെലവഴിച്ചാണ് ഇവിടെ നിർമ്മാണം നടത്തിയത്. എം.എൽ.എ ടൂറിസം വകുപ്പുമായി യോഗം വിളിച്ചതിന്റെ അടിസ്ഥാനത്തിൽ വാടാനപ്പിള്ളി ബീച്ച്, കണ്ടശ്ശാംകടവ് പാർക്ക് ആൻഡ് പവലിയൻ, വെങ്കിടങ്ങ് പാർക്ക് എന്നിവയിൽ സർക്കാർ ഇടപെട്ട് വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് അറിയിച്ചിരുന്നതായും പറയുന്നു.

പവലിയനു താഴെയായി നാല് കടമുറികൾ ഇതോടൊപ്പം പണിതിട്ടുണ്ട്. ഇത് ലേലത്തിൽ നൽകാനോ അതിൽ നിന്നുള്ള ആദായം എടുക്കാനോ അധികൃതർക്കായിട്ടില്ലെന്നും പാർക്കും പ്രദേശവും ഒരു സെക്യൂരിറ്റി ജീവനക്കാരനെ വച്ച് സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 സ്ഥലവും നിർമ്മാണവും രണ്ടുവകുപ്പിൽ

ഒരു കോടിയുടെ നിർമ്മാണം നടത്തിയത് ടൂറിസം വകുപ്പാണെങ്കിലും സ്ഥലം ഇപ്പോഴും ഇറിഗേഷൻ വകുപ്പിന്റെ കൈയിലാണ്. ഇറിഗേഷൻ വകുപ്പ് ഈ സ്ഥലം എത്രയും പെട്ടന്ന് ടൂറിസം വകുപ്പിന് കൈമാറിയാൽ മാത്രമേ വികസനം സാദ്ധ്യമാകൂ.

എം.വി. അരുൺ, പൊതുപ്രവർത്തകൻ